മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവം: ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍

single-img
30 October 2019

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആവശ്യമെങ്കില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ നിയമാനുസൃതമാകണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അതേസമയം വിഷയത്തിൽ നിയമ ലംഘനമുണ്ടായതായി ഇതുവരെ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടും. വിഷയത്തിൽ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് അറിഞ്ഞത്. കേസിൽ നീതി നടപ്പാകുമെന്ന് ഉറപ്പു വരുത്തും. വിഷയം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്നും വെടിയുണ്ട കൊണ്ട് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സ്വയ രക്ഷക്ക് വേണ്ടിയാണ് പോലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം പൂര്‍ണമായും തള്ളിയാണ് സിപിഐ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.