അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; മജിസ്റ്റീരിയൽ അന്വേഷണം വേണം: കാനം രാജേന്ദ്രൻ

single-img
30 October 2019

പാലക്കാട് ജില്ലയിലെ അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നമ്മുടെ സമൂഹത്തിൽ മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് എതിരായുള്ള നിലപാടാണ് ഇടത് പാർട്ടികളുടേതെന്നും കാനം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാലും ചെയ്യാൻ പാടില്ലാത്തതാണ് അട്ടപ്പാടിയിൽ പോലീസ് ചെയ്തത്. അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തലയിൽ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട മണിവാസകം ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളാണെന്നാണ് വിവരം.

ആക്രമണത്തിൽ ഒരു പോലീസുകാരനെങ്കിലും പരിക്കേറ്റിട്ടുണ്ടോ?” എന്നും കാനം ചോദിച്ചു.വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയ കാനം അർത്ഥശൂന്യമായ നിലപാട് പാടില്ലെന്നും വ്യക്തമാക്കി. മാത്രമല്ല, മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്ന് പറഞ്ഞ കാനം, ജനങ്ങളെ സത്യാവസ്ഥ അറിയിക്കണം എന്നും ആവശ്യപ്പെട്ടു. “എല്ലാ വനത്തിലും തെരച്ചിൽ നടക്കുകയാണ്. മൂന്ന് നാല് സംസ്ഥാനങ്ങൾ ചേർന്നുള്ള തെരച്ചിലാണ്.

ഇപ്പോൾ പറയുന്ന ഏറ്റുമുട്ടലിൽ ഉള്ളവരെല്ലാം കേരളത്തിൽ നിന്നുള്ളവർ ആകണമെന്നില്ല. കേന്ദ്രത്തിലെ പോലീസിന്റെയും കേരളത്തിലെ പോലീസിന്റെയും ജനങ്ങളോടുള്ള സമീപനത്തിൽ വ്യത്യാസമുണ്ട്. അതിനാലാണ് കേന്ദ്രം നിർബന്ധിച്ചാലും കേരളം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞത്.”

“നേരത്തെ വ്യാജ ഏറ്റുമുട്ടലിനെതിരെ ആന്ധ്രയിൽ ഹർത്താൽ നടത്തിയ പത്ത് ഇടതുപക്ഷ പാർട്ടികളിലൊന്ന് സിപിഎമ്മാണ്. ഒറീസ – ആന്ധ്ര സംസ്ഥാനങ്ങളുടെ അതിർത്തിയിലുണ്ടായ സംഭവത്തിലാണിത്. ഇടതുപക്ഷത്തിന്റെ അഭിപ്രായം അതുതന്നെയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളിൽ നടന്ന വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷ പാർട്ടികൾ തന്നെയാണ്. അതിനകത്ത് സംശയങ്ങളില്ല.”

“ഭരണത്തിൽ വരുമ്പോൾ ഭരണഘടനയ്ക്ക് ഉള്ളിലാണ് ഇത് നിൽക്കുന്നത്. അതിനാൽ ശ്രദ്ധിക്കേണ്ടത് ശ്രദ്ധിക്കണം. ഞങ്ങൾ ഈ സർക്കാരിൽ ഇരിക്കുന്നത് ഒരു മിനിമം പരിപാടി നടപ്പിലാക്കാനാണ്. മാവോയിസ്റ്റ് എൻകൗണ്ടർ ഈ മിനിമം പരിപാടിയിൽ പെടുന്നതല്ല. അതിനകത്ത് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു കാര്യം പറയുന്നത് പോലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.

പോലീസ് അതിനെ ന്യായീകരിച്ച് മാത്രമേ റിപ്പോർട്ട് നൽകൂ. അതിനാലാണ് മജിസ്റ്റീരിയൽ അന്വേഷണം എന്ന ആവശ്യം മുന്നോട്ട് വച്ചത്. സിപിഐക്കും, സിപിഎമ്മിനും കിട്ടിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സഭയിൽ പറയാനാകില്ല,” എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.