വിദേശപ്രതിനിധികളെ കശ്മീരിലേക്ക് ക്ഷണിച്ചത് മാഡിശര്‍മയോ?ബിസിനസ്സ് ബ്രോക്കറുടെ സാന്നിധ്യം വിവാദത്തില്‍.

single-img
30 October 2019

ന്യൂഡല്‍ഹി : കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ ക്ഷണിച്ച ബിസിനസ് ഇടനിലക്കാരി മാഡി ശര്‍മ്മയുടെ നടപടി വിവാദത്തില്‍. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മ വിദേശ പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് അയച്ച ഇ മെയില്‍ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിഐപികളുമായി കൂടിക്കാഴ്ച നടത്താനും കശ്മീര്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കാമെന്നാണ് മാഡി ശര്‍മയുടെ വാഗ്ദാനം.

ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കു പോലും ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാര്‍, വിദേശസംഘത്തിന് അനുമതി നല്‍കിയത് ശക്തമായ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ വിദേശപ്രതിനിധികള്‍ വ്യക്തിപരമായ രീതിയിലാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.വിദേശപ്രതിനിധികളെ കശ്മീരിലേക്ക് ക്ഷണിച്ച മാഡി ശര്‍മയും ബിജെപിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയശേഷം താഴ്‍വരയില്‍ എന്തുനടക്കുന്നുവെന്ന് നേരിൽ കണ്ട് മനസിലാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. അതിനാൽതന്നെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ സന്ദര്‍ശനം കടുത്ത വിമര്‍ശനത്തിന് വഴിവെച്ചു

പ്രധാനമന്ത്രിക്കു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ എം.പിമാരെ ക്ഷണിക്കാന്‍ മാഡി ശര്‍മയെ ആര് ചുമതലപ്പെടുത്തിയെന്ന കാര്യം വ്യക്തമല്ല. അന്താരാഷ്ട്ര ബിസിനസ് ബ്രോക്കറെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡിക്ക് ഇന്ത്യയുടെ തന്ത്രപ്രധാന നയതന്ത്ര കാര്യങ്ങളില്‍ ഇടപെടാനുള്ള ബന്ധം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.