ടിപ്പുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യും: യെദ്യൂരപ്പ

single-img
30 October 2019

ടിപ്പു സുല്‍ത്താന്‍, ടിപ്പു ജയന്തി തുടങ്ങി ടിപ്പു സുൽത്താനെ പ്രകീർത്തിക്കുന്ന ചരിത്ര അധ്യായങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കംചെയ്യാൻ സർക്കാർ ആലോചിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ‘ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങൾ ആലോചിക്കുകയാണ്.ഇതുപോലുള്ള കാര്യങ്ങൾ നടക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ എല്ലാം പിൻവലിക്കാൻ പോകുന്നു’-യെദ്യൂരപ്പ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ അപ്പച്ചു രഞ്ജന്‍ രംഗത്തുവന്നിരുന്നു. ഇദ്ദേഹത്തിന്റെ ആവശ്യം പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരോട് വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

എന്നാൽ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ടിപ്പുവിന്റെ ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ടിപ്പു സുൽത്താൻ നല്‍കിയ സംഭാവനകളെക്കുറിച്ച് വരുംതലമുറ അറിഞ്ഞിരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.