സിമ്പിളായി കളർ പ്രിന്ററിൽ കള്ളനോട്ടടി; വിതരണം മദ്യപർക്കിടയിൽ; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

single-img
29 October 2019

കളർ പ്രിന്ററും കട്ടിങ് മെഷീനും ഉപയോഗിച്ച് വീട്ടിൽ കള്ളനോട്ടുകൾ പ്രിന്റ് ചെയ്ത കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. സ്പിരിറ്റ് കടത്തും കവർച്ചയുമടക്കം ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ കൊളത്തൂർ ഹരി എന്ന കൊളത്തൂർ തൈവളപ്പിൽ ഹരിദാസിനെ (49) ആണ് ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

75,500 രൂപ മൂല്യം വരുന്ന 151 അഞ്ഞൂറു രൂപ നോട്ടുകളും അച്ചടി സാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ കടലാസിൽ 500 രൂപയുടെ കളർ കോപ്പി പ്രിന്റ് ചെയ്തെടുക്കുന്നതായിരുന്നു ഹരിദാസിന്റെ രീതി. വെറും 10,000 രൂപ വിലയുള്ള സാധാരണ കളർ പ്രിന്റർ ഉപയോഗിച്ചാണ് കറൻസിയുടെ പകർപ്പ് തയാറാക്കിയത്. കട്ടിങ് മെഷീൻ ഉപയോഗിച്ച് കറൻസിയുടെ അളവിൽ മുറിച്ചെടുത്ത് വിതരണം നടത്തുകയായിരുന്നു രീതി.

കൊടകര, ആളൂർ പ്രദേശങ്ങളിൽ കള്ളനോട്ട് വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് റൂറൽ പൊലീസ് മേധാവി കെപി വിജയകുമാരന് ഒരാഴ്ച മുൻപു വിവരം ലഭിച്ചിരുന്നു. കള്ളനോട്ടിന്റെ ഉറവിടം തേടി പ്രത്യേക സംഘം നടത്തിയ അന്വേഷണം പ്രദേശത്തെ പ്രധാന കുറ്റവാളികളിലെത്തിയതോടെയാണ് ഹരിദാസിനെക്കുറിച്ച് വിവരം ലഭിച്ചത്. ഹരിദാസ് ആണ് നോട്ട് വിതരണം ചെയ്യുന്നതെന്നു തിരിച്ചറിഞ്ഞതോടെ അയാളുടെ വീട്ടിൽ റെയ്ഡ് നടത്തി അലമാരയിൽ സൂക്ഷിച്ചിരുന്ന കള്ളനോട്ടുകൾ കണ്ടെടുക്കുകയായിരുന്നു.

ഒറ്റക്കാഴ്ചയിൽ തന്നെ ആർക്കും തിരിച്ചറിയാൻ കഴിയുന്ന ഈ നോട്ടുകൾ ഹരിദാസ് വിതരണം ചെയ്തത് വളരെ തന്ത്രപരമായായിരുന്നു. മദ്യപർക്കിടയിൽ വിതരണം ചെയ്തും ലോട്ടറി വാങ്ങിയും മറ്റു നോട്ടുകൾക്കിടയിൽ തിരുകിവെച്ചും ഒക്കെയായിരുന്നു ഹരിദാസ് കള്ളനോട്ടുകൾ പ്രചരിപ്പിച്ചത്. കള്ളനോട്ട് അച്ചടിക്കാനും വിതരണം ചെയ്യാനും ഹരിദാസിനു മറ്റാര‍ുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. എത്ര കള്ളനോട്ടുകൾ വിതരണം ചെയ്തുവെന്നും എവിടെയൊക്കെ വിതരണം ചെയ്തുവെന്നും അന്വേഷിക്കും. ഇയാളുടെ സുഹൃത്തുക്കളും കുറ്റകൃത്യവലയത്തിലുള്ളവരും നിരീക്ഷണത്തിലാണ്. അച്ചടിച്ച കള്ളനോട്ടുകളിൽ ഭൂരിപക്ഷവും ഒരേ നമ്പറിലുള്ള കറൻസിയുടെ പകർപ്പുകളാണ്. 

200, 100 രൂപ നോട്ടുകൾ അച്ചടിക്കാൻ പാകത്തിന് പ്രിന്റുകളെടുത്ത് പരീക്ഷിച്ചതിന്റെ തെളിവുകളും പൊലീസ് കണ്ടെടുത്തു.
ഇവയും അച്ചടിച്ചു വിതരണം ചെയ്തിട്ടുണ്ടോ എന്നു പൊലീസ് പരിശോധിക്കുന്നു. സിഐവി റോയ്, എസ്ഐമാരായ എൻ ഷിബു, കെഎസ് സുശാന്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പിഎം മൂസ, വിയു സിൽജോ, എയു റെജി, ഷിജോ തോമസ്, എഎസ്‌ഐ സികെ ബാബു, സിപിഒമാരായ ജെറിൻ ജോസ്, രജനി ജോസഫ് എന്നിവരാണു പിടികൂടിയത്.

കടപ്പാട്: മനോരമ