കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരണപ്പെട്ടു; മൃതദേഹം പുറത്തെടുത്തു

single-img
29 October 2019

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരണത്തിന് കീഴടങ്ങി. നാലു ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനം ഫലം കണ്ടത് മൃതദേഹം പുറത്തെത്തിക്കാന്‍. പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണം ഉറപ്പിച്ചു. ഈ സമയം 85 അടി താഴ്ചയിലായിരുന്നു കുട്ടി.

ക്യാമറ കിണറിലേക്ക് ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍ അഴുകിയ നിലയിലാണെന്ന് വ്യക്തമായി. ഭാഗങ്ങളായാണ് ശരീരം പുറത്തെടുത്തത്. കുട്ടി വീണ കിണറിന് സമാന്തരമായി കിണര്‍ നിര്‍മ്മിച്ച് അതില്‍ നിന്ന് തുരങ്കം ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാനായിരുന്നു ശ്രമം.

എന്നാല്‍ കാലാവസ്ഥയും, ഭൂമിയിലെ പാറക്കെട്ടുകളുടെ സാന്നിധ്യവും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്.
ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു.