ഇന്ത്യന്‍ ടീമിനും വിരാട് കോലിക്കും എതിരെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ ഭീഷണികത്ത്

single-img
29 October 2019

ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനും നായകനായ വിരാട് കോഹ്‌ലിക്കും എതിരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഭീഷണിക്കത്ത് ലഭിച്ചു. കേരളത്തിലെ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ലഷ്‌കര്‍ എന്ന സംഘടനയാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടാണ് കത്ത് ലഭിച്ചിരിക്കുന്നത്.

കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കായി ഡല്‍ഹിയിലെത്തിയ ടീമിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം കത്ത് എന്‍ഐഎ ബിസിസിഐക്ക് കൈമാറുകയും ചെയ്തു.

ക്രിക്കറ്റ് ടീമിന്റെ പുറമേ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരുപക്ഷെ കത്ത് വ്യാജമാകാനാണ് സാധ്യതയെങ്കിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ മൂന്ന് ട്വന്റി20-കളാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആദ്യത്തേത് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കും.