ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമല്ല ഇത്; ശ്രീധരന്‍ പിള്ളയുടെ ഗവർണർ നിയമനത്തിനെതിരെ മിസോറാമില്‍ പ്രതിഷേധം

single-img
29 October 2019

മിസോറാം എന്ന ചെറിയ സംസ്ഥാനത്തെ ബിജെപിയുടെ നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമായാണ് കേന്ദ്രം പരിഗണിക്കുന്നതെന്ന് ആരോപിച്ച് മിസോറം കോണ്‍ഗ്രസും വിദ്യാര്‍ത്ഥി സംഘടനയായ മിസോ സിര്‍ലെയ് പൗളും രംഗത്ത്. ആർഎസ്എസിന്റെ പശ്ചാത്തലമുള്ളയാളെയല്ല, ക്രിസ്ത്യന്‍ അനുകൂലിയോ മതേതര സ്വഭാവമുള്ളതോ ആയ ഗവര്‍ണറെ നിയമിക്കണമെന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആഴ്ചയിലാണ് ബിജെപിയുടെ കേരളാ അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി കേന്ദ്രം നിയമിച്ചത്. അതിന് മുൻപ് കേരളത്തിൽ നിന്നും തന്നെയുള്ള കുമ്മനം രാജശേഖരനായിരുന്നു മിസോറം ഗവര്‍ണര്‍. ഇതുപോലെ ആർഎസ്എസ് പശ്ചാത്തലത്തിൽ നിന്നും വരുന്ന നേതാക്കളുടെ നിയമനങ്ങളിലൂടെ സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ പാകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.”പി എസ് ശ്രീധരന്‍ പിള്ളയുടെ നിയമനത്തിലൂടെ സംസ്ഥാനത്തേക്ക് ഇടിച്ചുകയറുക എന്നതിലപ്പുറം അവര്‍ മറ്റൊന്നും ആഗ്രഹിക്കുന്നില്ല’” -അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപി നേതാക്കളെ തള്ളാനുള്ള ഇടമായാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ സംസ്ഥാനത്തെ കാണുന്നതെന്ന് പ്രിസം സംഘടനയും ആരോപിച്ചു. അതേസമയം , ശ്രീധരന്‍ പിള്ളയോട് വ്യക്തിപരമായി യാതൊരു പ്രശ്‌നവും കോണ്‍ഗ്രസിനില്ലെന്നും മിസോറമിനെ ബിജെപി നേതാക്കളെ തള്ളാനുള്ള ഇടമായി കാണുന്ന കേന്ദ്ര നയത്തോടാണ് വിയോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഗവർണറുടെ രാജ്ഭവന്‍ മ്യൂസിക്കല്‍ ചെയര്‍ ഗെയിം നടത്തുന്നതുപോലെയായിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനയുടെ വക്താവ് പറഞ്ഞു.