കാട്ടുതീ പടരുന്നു; കോടികള്‍ വിലയുള്ള വീടുകള്‍ ഉപേക്ഷിച്ച് ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പാലായനം ചെയ്തു

single-img
29 October 2019

കാട്ടുതീ നിയന്ത്രിക്കാവുന്ന പരിധി കടന്നപ്പോള്‍ യുഎസിലെ ലോസ് ആഞ്ചൽസില്‍ അതിസമ്പന്നർ താമസിക്കുന്ന മേഖലയിലെ നിരവധി ആഢംബ​രവസതികൾ കത്തിനശിച്ചു. മാത്രമല്ല, പ്രദേശത്തുനിന്ന് കോടിക്കണക്കിന് വിലവരുന്ന വീടുകൾ ഉപേക്ഷിച്ച് അ​ർദ്ധരാത്രിയോടെ ഹോളിവുഡ് താരങ്ങളടക്കം പാലായനം ചെയ്തു.

പ്രശസ്ത ഹോളിവുഡ് നടന്‍മാരായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗ്ഗര്‍, ക്ലാര്‍ക്ക് ഗ്രെഗ്ഗ്, കുര്‍ട് ഷട്ടര്‍ ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിസ് എന്നിവരടക്കമുള്ളവരാണ് രാത്രിയില്‍ പലായനം ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷങ്ങള്‍ വിലയുള്ള വീടുകളാണ് ഇവിടെ ഇവര്‍ക്കുള്ളത്.

അര്‍ദ്ധരാത്രി ജീവനുംകൊണ്ട് ഓടേണ്ടിവന്ന ആയിരക്കണക്കിനാളുകളിൽ താനും ഉള്‍പ്പെടുന്നതായി കാലിഫോർണിയ മുൻ ​ഗവർണറുംകൂടിയായ ആർനോൾഡ് ഷ്വാര്‍സ്‌നെഗ്ഗര്‍ ട്വീറ്റ് ചെയ്തു. തീപിടിത്തം ഉണ്ടായതിനാല്‍ ബ്രെന്റ് വുഡില്‍ നടക്കാനിരുന്ന ഷ്വാര്‍സ്‌നെഗ്ഗറുടെ പുതിയ ചിത്രം ‘ടെര്‍മിനേറ്റര്‍-ഡാര്‍ക്ക് ഫേറ്റ്’ന്റെ പ്രീമിയര്‍ മാറ്റിവയ്ക്കേണ്ടിവന്നു. ഈ പരിപാടിക്കായി തയ്യാറാക്കിയ ഭക്ഷണവസ്തുക്കള്‍ അഗ്നിബാധ മൂലം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കാനായി സന്നദ്ധ സംഘടനകളെ ഏല്‍പ്പിച്ചതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ പാരാമൗണ്ട് പിക്‌ചേഴ്‌സ് അറിയിച്ചു.

അറിയപ്പെടുന്ന സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളും ഉള്‍പ്പെടെ നിരവധിപേർ താമസിക്കുന്ന കിഴക്കന്‍ ലോസ് ആഞ്ചൽസിലെ ബ്രെന്റ് വുഡിലാണ് ഞായറാഴ്ച രാത്രിയോടെ തീപടർന്ന് പിടിച്ചത്. അപകട സാധ്യത ഉള്ളതിനാല്‍ വളരെ മുന്‍പ് തന്നെ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ അധികൃതർ പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.പ്രദേശത്തെ കാടുകളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തീ പടർന്നു പിടിച്ചത്. ഇത് അണയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിശക്തമായ കാറ്റുമൂലം സാധിച്ചിരുന്നില്ല.

ഇതിനെ തുടര്‍ന്ന് തീ കൂടുതൽ പ്രദേശത്ത് പടരാതിരിക്കാനുള്ള പരിശ്രമത്തിലായിരുന്നു അ​ഗ്നിശമനാസേന പക്ഷെ ഞായറാഴ്ച രാത്രിയോടെ ബ്രെന്റ് വുഡിൽ തീ പടരുകയായിരുന്നു. ഇതുവരെ തീ പിടിത്തത്തിൽ ലോസ് ആഞ്ചല്‍സിലടക്കം പതിനായിരക്കണക്കിന് പേരുടെ വീടുകളാണ് നശിപ്പിച്ചത്. ആകാശ മാര്‍ഗം എയർ ടാങ്കുകളും ഹെലിക്കോപ്റ്ററുകളും ഉപയോ​ഗിച്ച് തീയണയ്ക്കാനുള്ള കഠിനശ്രമത്തിലാണ് ആയിരത്തിലധികം വരുന്ന അ​ഗ്നിശമനാസേനാം​ഗങ്ങൾ.

ഇതിന് പുറമേ തീ പടരാനിടയുള്ള മേഖലയിലെ പതിനായിരത്തോളം വീടുകളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നി പടരുന്നത് വ്യാപകമായതതോടെ ആയിരക്കണക്കിനാളുകളാണ് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത താവളങ്ങളിലേയ്ക്ക് മാറിയത്. ശക്തമായ പുകയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ താല്‍കാലികമായി അടച്ചിട്ടു.