തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചു; രാജിവെക്കാൻ തയ്യാറായി ലെബനൻ പ്രധാനമന്ത്രി

single-img
29 October 2019

13 ദിവസം നീണ്ടുനിന്ന ലെബനന്‍ പ്രക്ഷോഭത്തിനൊടുവില്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി പ്രക്ഷോഭകര്‍ഉന്നയിച്ച പ്രധാന ആവശ്യമായ രാജിക്ക് തയ്യാറാണെന്ന് അറിയിച്ചു. താൻ അടുത്ത ദിവസം തന്നെ പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജിക്കത്ത് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വളരെ രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമാണ് ലെബനന്‍ ജനതയെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യം മറികടക്കാനായി വാട്‌സ്ആപ്പ് ഉപയോഗത്തിനടക്കം സർക്കാർ ഏര്‍പ്പെടുത്തിയ നികുതി പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം വരികയും, ഇതിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകായും ചെയ്തിരുന്നു. ജനകീയ പ്രക്ഷോഭം ശക്തമായതോടെ കഴിഞ്ഞ ദിവസം ഹരീരിയുടെ സര്‍ക്കാരിലെ ക്രിസ്ത്യന്‍ സഖ്യ കക്ഷി മന്ത്രിമാര്‍ രാജിവെച്ചിരുന്നു.

വീണ്ടും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ ഹരീരിയുടെ സര്‍ക്കാരിന് പിന്തുണയുമായി ഹിസ്‌ബൊള്ള നേതാവ് ഹസ്സന്‍ നസ്‌റുള്ള രംഗത്തെത്തിയിരുന്നു. സർക്കാർ ഇപ്പോൾ രാജിവെച്ചാൽ അത് രാജ്യത്തെ തകര്‍ക്കുമെന്നായിരുന്നു ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.പക്ഷെ ഇദ്ദേഹത്തിന്റെ നിര്‍ദേശവും പ്രക്ഷോഭകര്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ രാജി വെച്ചേ പറ്റൂ എന്നായിരുന്നു ലെബനന്‍ പ്രക്ഷോഭകര്‍ പറഞ്ഞത്. 1990കളോടെ അവസാനിച്ച 15 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ കടക്കെടുതിയില്‍ നിന്നും പുറത്തു വരാന്‍ ഇതു വരെയും ലെബനനായിട്ടില്ല.