ഗൗരി ലങ്കേഷിന്റെ പ്രസാധകനായിരുന്ന നരസിംഹ മൂര്‍ത്തിയെ രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്തു

single-img
29 October 2019

ഗൗരി ലങ്കേഷിന്റെ പ്രസാധകനും, മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനുമായ ദൊട്ടിപാളയ നരസിംഹ മൂര്‍ത്തിയെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ റായ്ച്ചൂരില്‍വെച്ചായിരുന്നു, അറസ്റ്റ് നടന്നത്. ന്യായപഥ അടക്കമുള്ള ഗൗരിലങ്കേഷിന്റെ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകനും, ഗൗരി മീഡിയ ട്രസ്റ്റിന്റെ സെക്രട്ടറിയുമായിരുന്നു നരസിംഹമൂര്‍ത്തി.

ഇദ്ദേഹം ഒരു നക്‌സലൈറ്റ് ആയിരുന്നുവെന്നാണ് പോലീസിന്റെ അവകാശ വാദം. 1994ല്‍ നിരോധിക്കപ്പെട്ട പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ പ്രവര്‍ത്തകനായിരുന്നു, ഇദ്ദേഹമെന്നും, അന്ന് ഇദ്ദേഹത്തിന്റെ പേരില്‍ റായ്ച്ചൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നുമാണ് പോലീസ് ഇപ്പോൾ പറയുന്നത്.

ഇതേ കേസില്‍ നരസിംഹ മൂര്‍ത്തി ഒളിവില്‍ പോയതായും പറയുന്നു. 1994 മുതല്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഒരിക്കല്‍പോലും ഇതിന് സാധിച്ചില്ല എന്നും പോലീസ് പറയുന്നു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വരാജ് ഇന്ത്യ എന്ന പാര്‍ട്ടിയുടെ കര്‍ണാടക സംസ്ഥാന നേതാവുകൂടിയാണ് ഇദ്ദേഹം. നരസിംഹ മൂര്‍ത്തിക്കായുള്ള ജാമ്യാപേക്ഷ പാര്‍ട്ടി ഫയല്‍ചെയ്യുമെന്ന് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ് അറിയിച്ചു. അദ്ദേഹം വര്‍ഗ്ഗീയതയ്‌ക്കെതിരെ സംസാരിക്കുന്നത് പലരേയും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും, അതിനാല്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്നും യോഗേന്ദ്ര യാദവ് ആരോപിച്ചു.

ഇത്രയധികം അറിയപ്പെടുന്ന വ്യക്തിയായിരുന്നിട്ടുപോലും നരസിംഹ മൂര്‍ത്തിയെ കണ്ടെത്താനായില്ലെന്ന് പറയുന്ന പോലീസിന്റെ വാദം തെറ്റാണെന്നും, അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഗൗരി മീഡിയ ട്രസ്റ്റ് ഭാരവാഹിയായ കുമാര്‍ സമതല ആരോപിച്ചു.