ഐപിഎസുകാരനായി വേഷം; അമ്മയും മകനും ചേർന്ന് കബളിപ്പിച്ചത് ബാങ്കുകളെ; രണ്ട് വർഷത്തിൽ വാങ്ങിയത് 28 കാറുകൾ; ഒടുവിൽ പിടിയിലായത് ഇങ്ങിനെ

single-img
29 October 2019

അമ്മയും മകനും ഒരുമിച്ചുചേർന്ന് വിവിധ ബാങ്കുകളെ കബളിപ്പിച്ചു നടത്തിയ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് പുറത്തായി. കാശ്മീരിൽ ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണെന്ന് അമ്മയും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഇവർ വ്യാജന്മാരാണ് എന്ന് സൂചന ലഭിച്ച പൊലീസ് വീടു വളഞ്ഞതോടെ മകൻ ഓടിക്കളഞ്ഞു, അമ്മ അറസ്റ്റിലാവുകയായിരുന്നു. കണ്ണൂർ ജില്ലയിലെ തലശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ ശ്യാമളയെ (58) കോഴിക്കോട് ബിലാത്തിക്കുളത്തെ വാടകവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

ശ്യാമളയുടെ മകൻ വിപിൻ കാർത്തിക് (29) കാശ്മീരിൽ കുപ്‌വാര ജില്ലയിലെ ഐപിഎസുകാരനാണെന്നാണു പരിചയപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ പരിചയപ്പെടുത്തിയ ശേഷം വിവിധ ഇടങ്ങളിൽ നിന്നായി വായ്പയെടുത്ത് 28 കാറുകൾ വാങ്ങി. ഇതിൽ 27 ഉം മറിച്ചുവിറ്റതായാണു സംശയിക്കുന്നത്. രണ്ടുവർഷത്തിനിടെ ഗുരുവായൂരിൽ നിന്ന് മാത്രം വായ്പയെടുത്ത് 12 കാറുകൾ വാങ്ങി 11 എണ്ണവും മറിച്ചുവിറ്റു.

പുറമെ നാദാപുരം, തലശേരി, കോട്ടയം, തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളിൽ നിന്ന് 16 കാറുകൾ വായ്പയെടുത്ത് വാങ്ങി വിറ്റതിന്റെ വിശദാംശങ്ങൾ വിപിൻ കാർത്തിക്കിന്റെ ഡയറിയിൽ നിന്നും പോലീസിന് ലഭിച്ചു.

പലപ്പോഴും കാറിലും ബുള്ളറ്റിലും ഐപിഎസ് ഓഫിസറുടെ യൂണിഫോമിൽ നടന്ന വിപിന് ഈ കാലയളവിൽ പോലീസിലും സുഹൃത്തുക്കളുണ്ടായി. ഇടയ്ക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ യൂണിഫോമിൽ വന്നിരുന്നു.ഇതിനിടയിൽ ചിലപ്പോഴെല്ലാം ഐപിഎസ് ഓഫിസർ എന്ന നിലയിൽ പോലീസിനെ ശുപാർശയ്ക്കായും വിളിച്ചു തുടങ്ങി.

ശുപാർശകൾ വന്നതോടെ ഉന്നത ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും മമ്മിയൂരിൽ താമസിക്കുന്ന ‘ഐപിഎസു’കാരനെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുകയുമായിരുന്നു. ഈ അന്വേഷണത്തിൽ ഇയാൾ വ്യാജനെന്നു ബോധ്യമായി. ഈ മാസം 8ന് ടെംപിൾ പൊലീസ് എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ പൊലീസ് ആക്ട് അനുസരിച്ച് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലായിരുന്നു തട്ടിപ്പു പുറത്തായത്.

വീട് വളഞ്ഞുശ്യാമളയെ അറസ്റ്റ് ചെയ്ത പോലീസ് വീട്ടിൽ നിന്നും ഒരു കാറും ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. തുടക്കത്തിൽ കാരക്കാടും പിന്നീട് മമ്മിയൂർ നാരായണംകുളങ്ങരയിലും വാടകയ്ക്കെടുത്ത ഫ്ലാറ്റുകളിൽ താമസിച്ച ഇവർ ഈ ഫ്ലാറ്റുകളുടെ വിലാസത്തിൽ ആധാർ കാർഡെടുത്തു.

ഫ്ളാറ്റിലെ അഡ്രസ് ഉൾപ്പെടുന്ന ആധാർ നൽകി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയശേഷം വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഐപിഎസ് ഓഫിസറുടെ യൂണിഫോമിലുള്ള ഫോട്ടോയും വൻ തുക ബാലൻസുള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും നൽകി വായ്പയെടുക്കുകയായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖയുടെ മാനേജരുടെ കയ്യിൽ നിന്നാണ് 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തത്.

ഏതെങ്കിലും ഒരു ബാങ്കിൽ നിന്ന് അമ്മയും മകനും ഓരോ കാർ വീതം വായ്പയിൽ എടുക്കും.പിന്നീട് കാർ വിൽക്കാൻ ബാങ്കിലെ ലോൺ അടച്ചു തീർത്ത വ്യാജരേഖയുണ്ടാക്കി ആർടി ഓഫിസിൽ നൽകും. അവിടെ നിന്നും ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വിറ്റുകിട്ടുന്ന തുകയിൽനിന്നും ബാങ്കിലെ ഗഡുക്കൾ വീഴ്ച കൂടാതെ അടയ്ക്കും. ഇക്കാരണത്താൽ ഇതുവരെ ഒരു ബാങ്കും പരാതിപ്പെട്ടില്ല.

ഇത്തരത്തിൽ കാറിനു വായ്പയെടുക്കാനെത്തിയാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ വനിതാ മാനേജരെ ഇവർ പരിചയപ്പെട്ടത്. പലിശ അടയ്ക്കുന്നത് ഉൾപ്പെടെ കൃത്യമായ ഇടപാടുകൾ മൂലം ബന്ധം വളർന്നപ്പോൾ ശ്യാമള മകനെ കാൻസർ രോഗിയായി അവതരിപ്പിച്ചു. ഇങ്ങിനെയാണ്‌ 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തത്.

നിലവിൽ വിപിൻ കാർത്തിക്കിനായി അന്വേഷണം ഊർജിതമാക്കി.തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ജി എച്ച്.യതീഷ്ചന്ദ്ര, അസി. കമ്മിഷണർ ടി ബിജു ഭാസ്കർ, ടെംപിൾ സ്റ്റേഷൻ എസ്എച്ച്ഒ സി പ്രേമാനന്ദകൃഷ്ണൻ, എസ്ഐ എ.അനന്തകൃഷ്ണൻ, എഎസ്ഐ പി എസ്.അനിൽകുമാർ, സിപിഒമാരായ മിഥുൻ,സതീഷ്, പ്രിയേഷ്, ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.