ഇന്ത്യന്‍ എംപിമാർക്ക് വിലക്കുള്ളപ്പോൾ യൂറോപ്യൻ പാര്‍ലമെന്‍റ് അംഗങ്ങളുടെ സംഘം കാശ്മീരിൽ; പ്രതിഷേധവുമായി പ്രതിപക്ഷം

single-img
29 October 2019

ഇന്ത്യന്‍ എംപിമാർക്ക് വിലക്കുള്ളപ്പോൾ യൂറോപ്പിൽ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങളുടെ സംഘം ജമ്മുകാശ്മീരിലെത്തി. സംസ്ഥാനത്തെ കേന്ദ്രഭരണത്തിൽ ആക്കിയശേഷം ഇതാദ്യമായാണ് ഒരു വിദേശപ്രതിനിധി സംഘം ഇവിടെയെത്തുന്നത്.

ഈ സംഘം ഇന്ന് ജനപ്രതിനിധികളുമായും നാട്ടുകാരുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ, ഇവർക്ക് സന്ദർശനാനുമതി നല്കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അതുല്യമായ ദേശീയത എന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. അതേസമയം ഇന്ത്യൻ പൗരന്മാരുടെ സന്ദർശന വിലക്ക് നീക്കണം എന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു. 27 പ്രതിനിധികൾ ഉൾപ്പെടുന്ന സംഘമാണ് കാശ്മീരിൽ എത്തിയിട്ടുള്ളത്.

തീവ്രമായ വലതുപക്ഷ നിലപാടുള്ള എംപിമാരാണ് ഇവരില്‍ പലരും.പ്രധാനമായും ഇറ്റലി, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർ സംഘത്തിലുണ്ട്. മുൻപ്, കാശ്മീർ വിഷയത്തിൽ യൂറോപ്യൻ പാർലമെൻറിൽ നേരത്തെ പ്രത്യേക ചർച്ച നടന്നിരുന്നു. അതേപോലെ തന്നെ വിദേശപ്രതിനിധികളെ അനുവദിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ ഹൗസ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യാക്കാരെ സന്ദർശിക്കാൻ അനുമതി നൽകാതെ യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് അനുമതി നല്‍കിയത് ഇന്ത്യന്‍ പാര്‍ലമെന്‍റിനോടുള്ള അനാദരവാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ‘ സംസ്ഥാനത്തിൽ യൂറോപ്യന്‍ എംപിമാര്‍ക്ക് വിനോദസന്ദര്‍ശനത്തിനും ഇടപെടലുകള്‍ക്കും അനുമതിയുണ്ട്. എന്നാൽ, ഇന്ത്യന്‍ എംപിമാരെയും നേതാക്കളെയും കാശ്മീര്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ തിരിച്ചയച്ചു. ഇതാണ് വിചിത്രവും അതുല്യവുമായ ദേശീയത’ – പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.