നടന്‍ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി; പോലീസ് സുരക്ഷ ശക്തമാക്കി

single-img
29 October 2019

തമിഴ് നടന്‍ വിജയ്‌യുടെ വീടിന്റെ നേർക്ക് ബോംബ് ഭീഷണി. തമിഴ്‌നാട് പോലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് അഞ്ജാതന്‍ ബോംബ് ഭീഷണി മുഴക്കിയത്. ഇതിനെ തുടര്‍ന്ന് താരത്തിന്റെ വീട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തി. വിജയിയുടെ മാതാപിതാക്കൾ താമസിക്കുന്ന സാലിഗ്രാമത്തിലുള്ള വീട്ടിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ഈ ബോംബ് ഉടന്‍ തന്നെ പൊട്ടുമെന്നായിരുന്നു അഞ്ജാതന്റെ ഭീഷണി.

ഭീഷണി സന്ദേശം ലഭിച്ച ഉടന്‍ തന്നെ പോലീസ് വിജയ്‌യുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളെ വിവരം അറിയിക്കുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ പരിശോധനയില്‍ ബോംബൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ വീട്ടിൽ വിജയ് യുടെ പിതാവ് എസ്എ ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് താമസിക്കുന്നത്. വിജയ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്ന പനൈയൂരിലും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

നിലവിൽ സൈബര്‍ ക്രൈം ആക്രമണവുമായി ബന്ധപ്പെട്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തമിഴ് നാട്ടിലെ പോരൂരിനു സമീപം അളപ്പാക്കത്തു നിന്നുള്ള യുവാവാണ് ഫോണ്‍ ചെയ്തതെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ട്. നിലവിൽ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.