കരമന കേസ്: ഡിസിപിയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണസംഘം; കാര്യസ്ഥനും മുന്‍ കലക്ടറുമടക്കം 12 പ്രതികള്‍

single-img
28 October 2019

തിരുവനന്തപുരം: കരമനയിലെ സ്വത്ത് തട്ടിപ്പും അസ്വാഭാവിക മരണങ്ങളും അന്വേഷിക്കുന്നതിനായി ഡിസിപിയുടെ നേതൃത്വത്തില്‍ പത്തംഗ അന്വേഷണസംഘം രൂപീകരിച്ചു.

എന്നാല്‍ മരണങ്ങളില്‍ പുതിയ കേസ് ഉടന്‍ റജിസ്റ്റര്‍ ചെയ്യില്ല.
ആദ്യഘട്ടത്തില്‍ സ്വത്ത് തട്ടിപ്പിനേക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കൂടത്തില്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ തിട്ടപ്പെടുത്താനും കൈമാറ്റരേഖകള്‍ പരിശോധിക്കാനും റവന്യൂ വകുപ്പിന്റെ സഹായം തേടും. വില്‍പത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണോയെന്ന് സ്ഥിരീകരിച്ച ശേഷമാവും മരണങ്ങളിലേക്ക് അന്വേഷണം കടക്കുക.

സ്വത്തുക്കള്‍ തട്ടിയെടുത്തത് മൂന്ന് തരത്തിലെന്ന് വ്യക്തമാക്കി പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കാര്യസ്ഥന്‍ രവീന്ദ്രനും മുന്‍ കലക്ടര്‍ മോഹന്‍ദാസും ഉള്‍പ്പെടെ പന്ത്രണ്ട് പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.

ജയമാധവന്‍ നായരുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് റജിസ്റ്റര്‍ ചെയ്ത പഴയ കേസ് നിലനില്‍ക്കുന്നതിനാല്‍ പുതിയ കേസ് റജിസ്റ്റര്‍ ചെയ്യില്ല. തിരുവനന്തപുരം സിറ്റി ക്രൈം ഡി.സി.പി മുഹമ്മദ് ആരിഫ് മേല്‍നോട്ടം നല്‍കുന്ന സംഘത്തില്‍ ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണര്‍ എം.എസ്. സന്തോഷാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.