വാളയാർ: പൊലീസ് വീഴ്ച അന്വേഷിക്കുമെന്ന് നിയമമന്ത്രി എകെ ബാലൻ

single-img
27 October 2019

വാളയാര്‍ പീഡനക്കേസ് പ്രതികളെ കോടതി വെറുതെവിടാനിടയായ സാഹചര്യം അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലന്‍. രണ്ടു തലത്തിലുള്ള അന്വേഷണമുണ്ടാകും. പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡിഐജി അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിഐജിയുടെ റിപ്പോര്‍ട്ടിനു ശേഷം ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തും. കേസ് നടത്തിപ്പിലെ വീഴ്ച പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷിക്കുമെന്നും ബാലൻ വ്യക്തമാക്കി.

അതേസമയം, വാളയാര്‍ പീഡ‍നക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കുമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടല്ല, കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പൊതുസമൂഹത്തില്‍ ആവശ്യം ശക്തമായതോടെയാണ് പൊലീസ് നീക്കം.

പൊലീസ് അന്വേഷണത്തിലെ വീഴ്ചയും തെളിവുകളുടെ അഭാവവും പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയെന്ന വിമര്‍ശനം ശക്തമായതോടെയാണ് കേസില്‍ അപ്പീല്‍ പോകാന്‍ പൊലീസ് തീരുമാനിച്ചത്. നിയമോപദേശം ലഭിച്ചതായും വിധിപകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീല്‍ നല്‍കുമെന്നും ഡിഐജി പറഞ്ഞു.