കുഴല്‍ കിണറില്‍ വീണ കുട്ടിയെ നാളെ പുലരും മുന്‍പ് പുറത്തെടുക്കാനാകും

single-img
27 October 2019

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പളളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരനെ നാളെ പുലര്‍ച്ചെയ്ക്ക് മുന്‍പ് പുറത്തെടുക്കുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുളള എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജിതേഷ് ടി.എം. മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ന് രാത്രിയോടെയോ പരമാവധി നാളെ പുലര്‍ച്ചയ്ക്കുള്ളിലോ കുട്ടിയെ പുറത്തെടുക്കാനാകും. കുട്ടിയുടെ കുറച്ച്‌ ഭാഗങ്ങള്‍ മാത്രമേ ദൃശ്യമായിട്ടുള്ളൂ. പുലര്‍ച്ചെ നടന്ന തെര്‍മ്മല്‍ ടെസ്റ്റിനോട് കുട്ടിയുടെ ശരീരം പ്രതികരിച്ചു. കുട്ടി ഇനി താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട്,’ മലയാളി കൂടിയായ ജിതേഷ് പറഞ്ഞു.

“കുഴല്‍ കിണറിന് സമാന്തരമായി 92 അടി താഴ്ചയിലേക്ക് തുരങ്കം നിര്‍മ്മിച്ച്‌ കുട്ടിയുടെ അടുത്തേക്ക് എത്താനാണ് ശ്രമം. ഇതിനുള്ള ഉദ്യോഗസ്ഥരെ തീരുമാനിച്ചു. 25 അടി മാത്രമേ ഇപ്പോള്‍ തുരന്നിട്ടുള്ളൂവെങ്കിലും പുതിയ യന്ത്രം കൊണ്ടുവന്നത് പ്രവര്‍ത്തനം വേഗത്തിലാക്കിയിട്ടുണ്ട്,” എന്നും ജിതേഷ് വ്യക്തമാക്കി.

കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം.