പരിചയം ഡേറ്റിംഗ് ആപ്പ് മുഖേന, രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ പീഡിപ്പിച്ചു, പരാതിയുമായി 53 കാരിയും 33 കാരിയും,യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബായ് കോടതി

single-img
27 October 2019

ദുബായ്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് ദുബായ് കോടതി.രണ്ടാഴ്ചക്കിടെ രണ്ടു സ്ത്രീകളെ നിരവധി തവണയാണ് ഇയാള്‍ പീഡിപ്പിച്ചത്. സെര്‍ബിയക്കാരിയായ 53കാരിയെയും യുക്രെയിന്‍ സ്വദേശിയായ 33കാരിയെയുമാണ് ഇയാള്‍ പീഡിപ്പിച്ചത്.

ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് ഇരു സ്ത്രീകളെയും പരിചയപ്പെട്ട ശേഷം ഒരാഴ്ചക്കിടെ ഇവരെ താന്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇയാള്‍ ചെയ്തത്. എന്നാല്‍ അവിടെ വച്ച് യുവാവ് തന്നെ കത്തിയും സിറിഞ്ചും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം നാല് തവണ പീഡിപ്പിക്കുകയായിരുന്നുവെന്നും യുക്രെയിന്‍കാരിയായ 33കാരി പറയുന്നു. ഉറക്കെ ബഹളം വച്ചുവെങ്കിലും ഉച്ചത്തില്‍ പാട്ട് വച്ച് ഇയാള്‍ അതിനെ മറികടന്നുവെന്ന് യുവതി കോടതിയോട് പറഞ്ഞു.

നൈജീരിയക്കാരനായ യുവാവിന് തടവും നാടുകടത്തലുമാണ് കോടതി ശിക്ഷയായി വിധിച്ചത്. എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നാണു നൈജീരിയന്‍ യുവാവ് പറയുന്നത്. മയക്കുമരുന്നിന് അടിമയായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അത് ഉപയോഗിക്കാറില്ലെന്നും സിറിഞ്ചിനെ കുറിച്ച് യുവതി പറയുന്നത് കള്ളമാണെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍ ഇയാള്‍ രണ്ടു സ്ത്രീകളെയും പീഡിപ്പിച്ചതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തുകയായിരുന്നു.