മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി നിലപാടു കടുപ്പിച്ച് ശിവസേന

single-img
27 October 2019

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിറകേ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി നിലപാടു കടുപ്പിച്ച് ശിവസേന. ബിജെപിയോട് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ ശിവസേന തീരുമാനിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ 50: 50 ഫോര്‍മുല നടപ്പാക്കണമെന്നും അതനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നതുമാണ് ശിവസേനയുടെ ആവശ്യം.

ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേന എംഎല്‍എമാരുടെ അഭിപ്രായം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എംഎല്‍എമാരുടെ യോഗം ഉദ്ധവ് താക്കറെയെ ചുമതലപ്പെടുത്തി. ആദ്യത്തെ രണ്ടരവര്‍ഷം മുഖ്യമന്ത്രിപദം തരണമെന്നാണ് ശിവസേനയുടെ ആവശ്യം. കൂടാതെ മന്ത്രിപദവികളില്‍ 50 ശതമാനവും നല്കണം. എന്നാല്‍ അഭ്യന്തര വകുപ്പോടെ ഉപമുഖ്യമന്ത്രി പദത്തിന് ശിവസേന വഴങ്ങിയേക്കും എന്നും സൂചനയുണ്ട്.

ആദ്യമായാണ് താക്കറേ കുടുംബത്തില്‍നിന്ന് ഒരാള്‍ എം.എല്‍.എ. ആകുന്നത്. വര്‍ളിയില്‍ വന്‍ഭൂരിപക്ഷത്തിനാണ് ആദിത്യ താക്കറേ തിരഞ്ഞെടുക്കപ്പെട്ടത്. 288 അംഗ സഭയില്‍ കഴിഞ്ഞ തവണ 122 എം.എല്‍.എ.മാരുണ്ടായിരുന്ന ബി.ജെ.പി. ഇത്തവണ 105 സീറ്റുകളില്‍ ഒതുങ്ങിയതാണ് ശിവസേനയുടെ വിലപേശലിന് ശക്തികൂട്ടിയത്.