ഏഴു വര്‍ഷം മുന്‍പ് കണ്ണൂരില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി; അന്വേഷണത്തിന് തുമ്പായത് വീട്ടിലെ ഖുര്‍ ആനില്‍ കുത്തിവരഞ്ഞ എഴുത്ത്

single-img
27 October 2019

പിലാത്തറ: കണ്ണൂരില്‍ നിന്ന് ഏഴു വര്‍ഷം മുന്‍പ് കാണാതായ യുവതിയെ പൊലീസ് കണ്ടെത്തി. മണ്ടൂര്‍ സ്വദേശി എംകെ മുഹമ്മദിന്റെ മകള്‍ ഷംസീനയെയാണ് കണ്ടെത്തിയത്.നാലു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പരിയാരം സിഐ കെ വി ബാബുവിന്റെ നേതൃത്വത്തില്‍ ഷംസീനയെ ഇടുക്കി ഉടുമ്പന്‍ ചോലയില്‍ കണ്ടെത്തിയത്.

2012ലാണ് ഷംസീനയെ കാണാതായത്. പിതാവിന്റെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.2017 ല്‍ കാണാതായ മുസ്ലീം സ്ത്രീകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി പുനരന്വേഷണം തുടങ്ങിയപ്പോഴാണ് കേസില്‍ പുനരന്വേഷണം ഉണ്ടായത്. എന്നാല്‍ ഷംസീന ഫോണുപയോഗിക്കാത്തതിനാല്‍ കണ്ടെത്താനായില്ല.

ഈ വര്‍ഷം കേസന്വേഷണം ഏറ്റെടുത്ത സി ഐ കെ വി ബാബു ഷംസീനയുടെ വീട്ടില്‍ പരിശോധന നടത്തി. അവിടെ ഖുര്‍ആനില്‍ ഒരു പേജില്‍ കുത്തിവരച്ചിട്ടിരുന്നു. ഇത് കണ്ണൂര്‍ ഫെറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോള്‍ ഒരു ഫോണ്‍നമ്പര്‍ ആണെന്ന് തിരിച്ചറിഞ്ഞു.

ബൈസണ്‍ വാലിയിലെ ലോറി ഡ്രൈവറായ വടക്കേക്കര ഷാജിയുടേതാണ് നമ്പറെന്ന് തിരിച്ചറിഞ്ഞു.തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഷംസീന ഷാജിയെ വിവാഹം ചെയ്ത് അവിതെ താമസിക്കുന്നതായി കണ്ടെത്തി. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരും ആറുവയസുള്ള മകനുമൊന്നിച്ച് പരിയാരം സ്റ്റേഷനില്‍ റിപ്പോര്‍ട്ടു ചെയ്തു.

ബന്ധുക്കള്‍ തന്നെ രണ്ടാം കെട്ടുകാരന് വിവാഹം ചെയ്തു കൊടുക്കുമെന്ന് സ്ഥിതി വന്ന സാഹചര്യത്തില്‍ ഷാജിയുമായി പരിചയപ്പെട്ട് നാടു വിടുകയായിരുന്നു. ഷംസീനയുടെ വീടിനടുത്ത് ടൈല്‍സുമായെത്തിയ ലോറിയുടെ ഡ്രൈവറായിരുന്നു ഷാജി. പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ഷംസീന താന്‍ സ്വസ്ഥമായ കുടുബജീവിതം നയിക്കുന്നതായി കോടതിയെ അറിയിച്ചു.തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി ഷംസീനയ്ക്ക് അനുവാദം നല്‍കി.