മടത്തറയില്‍ എസ്ബിഐ എടിഎമ്മില്‍ നിന്നും ലഭിച്ച രണ്ടായിരത്തിന്‍റെ നോട്ടുകള്‍ ചിതലരിച്ചത്;നോട്ട് മാറികൊടുക്കാതെ ബാങ്ക്

single-img
26 October 2019
madathara-broken-and-torn-note sbi atm

മടത്തറ:മടത്തറ എസ്ബിഐ എടിഎമ്മിൽ നിന്ന് നോട്ട് പിൻവലിച്ചപ്പോൾ കിട്ടിയത് ചിതലരിച്ച രണ്ടായിരത്തിന്‍റെ നോട്ടുകള്‍.കൊല്ലായിൽ യുപിഎസ് ജംക്‌‌ഷൻ പ്രാർഥനയിൽ ലാലിയാണ് വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ എടിഎമ്മിൽ നിന്ന് ആശുപത്രി ചെലവിനായി 20,000രൂപ പിൻവലിച്ചത്.കീറിയതും പൊടിഞ്ഞു പോകുന്നതുമായ നോട്ടുമായി സമീപത്തെ ബ്രാഞ്ചിൽ പരാതിപ്പെട്ടെങ്കിലും നോട്ട് മാറികൊടുക്കാതെ റിസർവ് ബാങ്കിൽ ബന്ധപ്പെടാൻ പറഞ്ഞു കൈമലർത്തിയതായി ലാലി പറയുന്നു.

20,000രൂപ പിൻവലിച്ചതിൽ നാലുനോട്ടുകളാണു കീറിയതും പൊടിഞ്ഞു പോകുന്നതുമായ നിലയിൽ ലഭിച്ചത്.സ്വകാര്യ ഏജൻസിയാണു പണം എടിഎമ്മിൽ നിറയ്ക്കുന്നതെന്നാണു ബാങ്ക് അധികൃതർ പറയുന്നത്.ബാങ്കിൽ നിന്ന് നീതി ലഭിക്കാത്തതു മൂലം ഉന്നതങ്ങളിൽ പരാതി നൽകാനുള്ള നീക്കത്തിലാണ് ലാലി.