‘കൂടത്തായ് മോഡല്‍ കൊലപാതകം കരമനയിലും?’; 15 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണം, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

single-img
26 October 2019

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൂടത്തായ് മോഡല്‍ കൊലപാതക പരമ്പര തിരുവനന്തപുരം കരമനയിലും നടന്നതായി സംശയം. കരമന കുളത്തറയിലാണ് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൂടത്തില്‍ വീട്ടില്‍ ഗോപിനാഥന്‍ പിള്ളയുടെയും കുടുംബാംഗ ങ്ങളുടേയും മരണത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുടുംബത്തിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഗോപിനാഥന്‍ പിള്ളയുടെ ബന്ധു മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

ഗോപിനാഥന്റെ മകളാണ് ആദ്യം മരിച്ചത്. പിന്നാലെ ഗോപിനാഥന്‍, ഭാര്യ, രണ്ട് ആണ്‍മക്കള്‍ എന്നിങ്ങനെ മരിച്ചു. പിന്നീട് ഗോപിനാഥന്റെ സഹോദരി, മകന്‍ മാധവന്‍ 2017ല്‍ മരണപ്പെട്ടു. ഇതില്‍ ജെ. മാധവന്റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്തു തട്ടിയെടുത്തെന്ന് ബന്ധുവായ അനില്‍കുമാര്‍ 2018ല്‍ കേസ് നല്‍കിയതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. പരാതിയില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്, ഗോപിനാഥന്‍ പിള്ളയുടെ 50 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കാര്യസ്ഥനായിരുന്ന ആളുടെ പേരിലും അകന്ന ബന്ധുക്കളായ നാലു പേരുടെ പേരിലും രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു.

കൂടത്തായി കേസന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സമാനമായ മറ്റൊരു കേസായാണ് പൊലീസ് കരമനയിലേതും പരിഗണിക്കുന്നത്. ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കേസന്വേഷണം ഏറ്റെടുക്കും.