ഹരിയാനയില്‍ ജെജെപി പിന്തുണ ബിജെപിക്ക്;പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ദുഷ്യന്ത് ചൗട്ടാലയുടെ പിതാവ് അജയ് ചൗട്ടാലയ്ക്ക് പരോള്‍

single-img
26 October 2019
Ajay Singh Chautala

ന്യൂഡല്‍ഹി:അഴിമതി കേസിൽ തിഹാര്‍ ജയിലില്‍ കഴിയുന്ന ജനനായക് ജനതാ പാര്‍ട്ടി(ജെ.ജെ.പി) നേതാവ് അജയ് ചൗട്ടാലയ്ക്ക് രണ്ടാഴ്ച പരോള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്.ഹരിയാനയിൽ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ബിജെപിയ്ക്ക് ജെജെപി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണു അജയ് ചൗട്ടാലയ്ക്ക് പരോള്‍ അനുവദിച്ചതായുള്ള വാർത്തകൾ പുറത്ത് വരുന്നത്.

മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുമാണ് അദ്ദേഹത്തിന് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച്‌ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റില്‍ മാതാവിന്റെ മരണത്തെത്തുടര്‍ന്നും അജയ് ചൗട്ടാലയ്ക്ക് പരോള്‍ ലഭിച്ചിരുന്നു.

ഹരിയാനയിലെ ഏറെ വിവാദമായ അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് അജയ് ചൗട്ടാലയ്ക്ക് തടവ് ശിക്ഷ വിധിച്ചത്.അ​ജ​യ് ചൗ​ട്ടാ​ല​യു​ടെ പി​താ​വ് ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല​യും കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടു ജ​യി​ലി​ലാ​ണ്.

ഹരിയാനയില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറിനെ തിരഞ്ഞെടുത്തിരുന്നു.ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവും. നാളെയാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുക.

ഖട്ടര്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. 90 അംഗ നിയമസഭയില്‍ 40 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ജെജെപിക്ക് പത്ത് അംഗങ്ങളുണ്ട്.