ഹൈദരാബാദില്‍ മുസ്ലീം ഡെലിവറിബോയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ആഹാരം വാങ്ങാന്‍ വിസമ്മതിച്ച് ഉപഭോക്താവ്

single-img
26 October 2019

ഉപഭോക്താവില്‍ നിന്ന് ജാതി അധിക്ഷേപം ഏറ്റു വാങ്ങി സ്വിഗ്ഗി ജീവനക്കാരനും. ഹൈദരാബാദിലാണ് രാജ്യത്തിന് അപമാനകരമായ സംഭവം വീണ്ടും നടന്നത്. ഭക്ഷണം കൊണ്ടുവരാന്‍ ഹിന്ദു ഡെലിവറിബോയ് വേണമെന്ന് ഉപഭോക്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയത് മുസ്ലീം ബോയ് ആയിരുന്നു.ഇതേ തുടര്‍ന്ന് ഉപഭോക്താവ് ഓഡര്‍ സ്വീകരിച്ചില്ല.

ഫലക്‌നുമായിലെ ഗ്രാന്റ് ബാവര്‍ച്ചി ഹോട്ടലില്‍ നിന്നാണ് ഷാലിബന്ദിയിലെ താമസക്കാരന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ”എരിവ് കുറച്ച്, ഭക്ഷണം വിതരണം ചെയ്യാന്‍ ഹിന്ദു ഡെലിവറിബോയ് വേണം, ഇതിനടിസ്ഥാനമാക്കിയാകും റേറ്റിംഗ്” എന്ന് ഓര്‍ഡറിനൊപ്പം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഭക്ഷണവുമായി ചെന്നത് മുസ്ലീം ഡെലിവറിബോയ് ആയിരുന്നു.ഇതോടെ ഉപഭോക്താവ് ദേഷ്യപ്പെടുകയും ,ഭക്ഷണം വാങ്ങാതിരിക്കുകയും ചെയ്തുവെന്ന് ഡെലിവറി ബോയ് പറഞ്ഞു.

പിന്നീട് കസ്റ്റമര്‍ കെയറില്‍ വിളിച്ച ഉപഭോക്താവ് എക്‌സിക്യൂട്ടീവിനോട്‌ മോശമായി സംസാരിച്ച്, ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്ന് അറിയിച്ചു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മജ്‌ലിസ് ബെച്ചാവോ തെഹ്രിക് പാര്‍ട്ടി വക്താവ് അംജദ് ഉല്ലഹ് ഖാന്‍ ഉപഭോക്താവിനെതിരെ പരാതി നല്‍കാന്‍ സ്വിഗ്ഗിയോടാവശ്യപ്പെട്ടു. കുറച്ചു നാള്‍ മുന്‍പ് സൊമാറ്റോയിലും സമാന സംഭവം നടന്നിരുന്നു.