ഒന്നരവയസുകാരിയുടെ മരണം: വ്യാജവൈദ്യൻ മോഹനൻ നായർ അറസ്റ്റിൽ

single-img
26 October 2019

കായംകുളം: വ്യാജ വൈദ്യന്‍ മോഹനന്‍ നായർ അറസ്റ്റില്‍. കായംകുളം പൊലീസാണ് മോഹനന്‍ വൈദ്യർ എന്നറിയപ്പെടുന്ന മോഹനൻ നായരെ അറസ്റ്റ് ചെയ്തത്. ചികിത്സാ പിഴവുമൂലം മരണം സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരുന്നു.

മാരാരിക്കുളം പൊലീസാണ് മോഹനൻ നായരുടെ പേരിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. മോഹനന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ഇത് തള്ളുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയത് തന്റെ ചികിത്സാ പിഴവുമൂലമല്ലെന്നും കുട്ടിക്ക് യാതൊരുവിധ മരുന്നും കുറിച്ചുനല്‍കിയിട്ടില്ലെന്നും അവകാശപ്പെട്ടയിരുന്നു മോഹനൻ നായരുടെ മുൻകൂർ ജാമ്യാപേക്ഷ.

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചു എന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്.