ശ്രീധരൻ പിള്ള മിസോറാം ഗവർണർ: മിസോറാം ഗവർണറാകുന്ന മൂന്നാമത്തെ മലയാളി

single-img
25 October 2019

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011 – 14 കാലത്ത് വക്കം പുരുഷോത്തമനും 2018 – 19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍മാരായിരുന്നു. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് ശ്രീധരന്‍ പിള്ള മിസോറമിലേക്ക് ഗവര്‍ണറായി പോകുന്നത്.

ഗവര്‍ണര്‍ സ്ഥാനം പാര്‍ട്ടി തീരുമാനമെന്നും  പൂര്‍ണമനസോടെ ഉള്‍ക്കൊള്ളുന്നുവെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു. കേരളത്തിന് പുറത്തേക്ക് പോകാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരാഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുന്‍പു തന്നെ സൂചനയും ലഭിച്ചിരുന്നു. മുന്‍പും ഗവര്‍ണറായി പേര് പരിഗണിച്ചിരുന്നെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.

മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് മലയാളികള്‍ മുമ്പും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകള്‍ ഗവര്‍ണര്‍ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരിചയസമ്പന്നനല്ല എന്നതു മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരന്‍ പിള്ള കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്തിട്ടുണ്ട്. ഇതിനു മുൻപ് 2003-2006 കാലത്തും ശ്രീധരന്‍ പിള്ള ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. ‘പൊതു സിവില്‍ കോഡ് എന്ത്? എന്തിന്?‘, ‘സത്യവും മിഥ്യയും‘, ‘പുന്നപ്ര വയലാര്‍ – കാണാപ്പുറങ്ങള്‍‘, ‘ഭരണഘടന  പുനരവലോകനത്തിന്റെ പാതയില്‍‘, ‘പഴശ്ശിസ്മൃതി‘, ‘ഒഞ്ചിയം ഒരു മരണവാറണ്ട്‘ തുടങ്ങിയ കൃതികള്‍ ശ്രീധരന്‍പിള്ള രചിച്ചിട്ടുണ്ട്.