കേക്കും ക്രീമും അഴുക്കു നിറഞ്ഞ പെയിന്റ് ബക്കറ്റിൽ; പാചകം ശുചിമുറിക്കടുത്ത് വെച്ച്: ഹോട്ടൽ പരിശോധനയിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ചകൾ

single-img
25 October 2019

തിരുവനന്തപുരം: പോത്തൻകോട് ടൌണിലെ ഹോട്ടലുകൾ റെയ്ഡ് ചെയ്യാനെത്തിയ ആരോഗ്യ വകുപ്പ് അധികൃതരെ ഞെട്ടിച്ച് ഹോട്ടലുകളുടെയും ബേക്കറികളുടെയും പിന്നാമ്പുറങ്ങൾ. പഴകിയ ഭക്ഷണവും വൃത്തിഹീനമായ പരിസരവുമായിരുന്നു പല ഹോട്ടലുകളിലും.

കീർത്തി ബേക്കറിയിലേക്ക് പലഹാരങ്ങൾ ഉണ്ടാക്കുന്ന ബോർമയിൽ 25 കിലോ കേക്കും 15 കിലോ ക്രീമും പഴകിയ എണ്ണയും അടക്കമുള്ള സാധനങ്ങൾ കണ്ടെത്തി നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ബക്കറ്റ്
അടുക്കള ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് പരിസരമാകെ ദുർഗന്ധമായിരുന്നു. അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളിലാണ് ചേരുവകളും ക്രീമും സൂക്ഷിച്ചിരുന്നത്. പാകമായ കേക്കുകൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. പാചകം ചെയ്യുന്നതിനു സമീപമാണ് ശുചിമുറി. ജീവനക്കാർ കയ്യുറ ഉപയോഗിക്കാത്തതും അധികൃതർ ചൂണ്ടിക്കാട്ടി.

ജംക്‌ഷനിലുള്ള ബെസ്റ്റ് ബേക്കറിയിലും അവരുടെ ഗോഡൗണിലുമായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ 250 കവർപാലും കണ്ടെത്തി നശിപ്പിച്ചു. കുമാർ ബേക്കറിയുടെ ബോർമയിലും വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി. ഭക്ഷണ പാനീയങ്ങളിൽ നിറത്തിനും മണത്തിനും രുചിക്കും ചേർക്കുന്ന രാസപദാർഥങ്ങളും പിടിച്ചെടുത്തു. 

പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ ശശിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ, മംഗലപുരം, പുതുക്കുറുച്ചി, അണ്ടൂർക്കോണം, വേളി പി.എച്ച്.സിയിലെ ഉദ്യോഗസ്ഥരടക്കം 15 അംഗ സംഘമാണ് സംയുക്ത പരിശോധനയ്ക്കെത്തിയത്.

15  കടകളിൽ സംഘം പരിശോധന നടത്തി. മിക്ക കടകൾക്കും ലൈസൻസോ ജീവനക്കാർക്ക് ഹെൽത്ത് കാർഡോ ഉണ്ടായിരുന്നില്ല. ഇത്തരം കടകൾക്കും നോട്ടിസ് നൽകുകയും വിവിധ കടകളിൽ നിന്നായി 28, 000 രൂപ പിഴ ഈടാക്കുകയും ചെയ്തു. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. വിശദമായ റിപ്പോർട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു നൽകിയതായും   തുടർ പരിശോധനകൾ ഉണ്ടാകുമെന്നും സൂപ്പർവൈസർ അറിയിച്ചു. എച്ച് ഐമാരായ ഷിബു. അഖിലേഷ്, പ്രീത, സന്തോഷ് എന്നിവരോടൊപ്പം ജെഎച്ച്ഐമാരും സംഘത്തിലുണ്ടായിരുന്നു.

കടപ്പാട്: മനോരമ