സ്വതന്ത്ര എംഎൽഎമാരുമായി ബിജെപി എംപി സ്വകാര്യ വിമാനത്തിൽ: ഹരിയാണയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി

single-img
25 October 2019

ഹരിയാണ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏഴു സ്വതന്ത്ര എംഎൽഎമാരുടെയും എച്ച്എൽപി എംഎൽഎ ഗോപാൽ
കാണ്ഡയുടെയും കൂടി പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ബിജെപി. 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 46 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഹരിയാണ ലോക്ഹിത് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ഗോപാല്‍ കുമാർ കാണ്ഡയുമായി ബിജെപി എംപി സുനിത ദുഗ്ഗലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ചര്‍ച്ച നടത്തിയത്. സ്വതന്ത്ര എംഎല്‍എമാരെ ഗോപാല്‍ കാണ്ഡയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എത്തിയച്ചതായും റിപ്പോര്‍ട്ടുണ്ട്. സുനിത ദുഗ്ഗലിനൊപ്പം ഗോപാല്‍
കാണ്ഡയും രഞ്ജീത് സിങും സ്വകാര്യ വിമാനത്തിലിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ രഞ്ജീത് സിങ് ബിജെപിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗോപാല്‍ കാണ്ഡക്കെതിരെ ബിജെപി ഒരു കാലത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭുപിന്ദര്‍ സിങ് ഹൂഡ മന്ത്രിസഭയില്‍ അംഗമായിരുന്ന ഇയാള്‍ക്ക് 2012-ല്‍ ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

ഇതിനിടെ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഡല്‍ഹിയിലെത്തി. ഹരിയാണയുടെ ചുമതലയുള്ള അനില്‍ ജെയിനും ഖട്ടാറിനോടൊപ്പമുണ്ട്. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നദ്ദയുമായും അമിത് ഷായുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണും.