റിസർവ്വ് ബാങ്ക് ഗുവാഹത്തി ജനറൽ മാനേജർ ഒഡീഷയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

single-img
25 October 2019

റിസർവ്വ് ബാങ്കിന്റെ ഗുവാഹത്തി ജനറൽ മാനേജർ ഒഡീഷയിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ ചണ്ഡീഖോൽ എന്ന സ്ഥലത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് ആസിഷ് രഞ്ജൻ സമലിന്റെ (52) മൃതദേഹം പൊലീസ് കണ്ടെത്തിയത്.

ജജ്പൂർ ജില്ലയിലെ നർഹരിപ്പൂർ സ്വദേശിയായ ആസിഷിന്റെ മൃതദേഹം മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. ഗ്രാമത്തിലുള്ള തന്റെ അമ്മയെ കാണാൻ ഒക്ടോബർ 24-ന് എത്തിയതായിരുന്നു ആസിഷെന്ന് പൊലീസ് പറയുന്നു. അതിനുശേഷം ഭുബനേശ്വറിൽ ഡോക്ടറായി ജോലി ചെയ്യുന്ന തന്റെ ഭാര്യയെ കാണാൻ അദ്ദേഹം പോയിരുന്നു. പ്ലസ്ടു വിദ്യാർഥിയായ അദ്ദേഹത്തിന്റെ മകനും അമ്മയോടൊപ്പമാണ് താമസം.

എന്നാൽ അദ്ദേഹം അന്നുതന്നെ ഭുബനേശ്വറിൽ നിന്നും മടങ്ങുകയും ചണ്ഡീഖോലിലെ ഹോട്ടലിൽ മുറിയെടുക്കുകയുമായിരുന്നു.

പലപ്രാവശ്യം വിളിച്ചിട്ടും ആസിഷ് സമാൽ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിനിൽക്കുന്ന ആസിഷിന്റെ മൃതദേഹമാണ്.

ആഷിഷ് കുടുംബപ്രശ്നം മൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് ബരാചന പൊലീസ് ഇൻസ്പെക്ടർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.