അമിതാഹ്ലാദം കാട്ടരുത്; ആരുടെയും കോലം കത്തിക്കരുത്: പ്രവർത്തകരോട് കോടിയേരി

single-img
24 October 2019

രാഷ്ട്രീയത്തില്‍ ഇടപെടുന്ന ജാതി മതശക്തികള്‍ക്കുളള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിക്കും ആര്‍.എസ്.എസിനും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞെന്നും കോടിയേരി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിളക്കമാർന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്. എങ്കിലും അരൂരിൽ തോറ്റത് ഇതിന് മങ്ങലേൽപ്പിച്ചുവെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫ് പ്രവര്‍ത്തകര്‍ അമിതാഹ്ലാദം കാട്ടരുതെന്നും ആരുടെയും കോലം കത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസ് നേതൃത്വം സമുദായിക ധ്രൂവീകരണത്തിന് ശ്രമിച്ചിരുന്നു. അത് ജനം തള്ളികളഞ്ഞു. എന്‍.എസ്.എസിനോട് സഹകരിക്കാന്‍ എല്‍.ഡി.എഫ് ഇപ്പോഴും തയാറാണ്. സിപിഎമ്മിന് ഒരു സാമുദായിക സംഘടനയോടും  ശത്രുത ഇല്ല. എന്നാൽ സമുദായസംഘടനയെ കൂടെനിര്‍ത്തിയാല്‍ എന്തും നടക്കുമെന്ന ധാരണ പൊളിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.

“ഈ ജനവിധി സർകാരിനുള്ള അംഗീകാരമാണ്. പ്രതിപക്ഷത്തിന്റെ നശീകരണ സമീപനത്തിനുള്ള മറുപടിയാണ്. അതോടൊപ്പം മത നിരപേക്ഷതയുടെ അടിത്തറ കേരളത്തിൽ ശക്തമാണെന്ന് തെളിയിക്കുന്ന വിധിയാണ് ഇത്. ആർഎസ്എസിന്റെ എല്ലാ പ്രതീക്ഷയും തകർന്നു,” കോടിയേരി പറഞ്ഞു.