ഇവിടെ ടൗൺ പ്ലാനിംഗ് എന്നൊരു പരിപാടിയില്ലേ? കൊച്ചി നഗരസഭ പിരിച്ചുവിടണം: രോഷാകുലനായി വിനായകൻ

single-img
23 October 2019

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടില്‍ നഗരസഭയ്ക്ക് രൂക്ഷവിമര്‍ശനവുമായി നടന്‍ വിനായകന്‍. ആര്‍ക്കോ വേണ്ടിയുള്ള വികസനമാണ് കൊച്ചിയില്‍ നടക്കുന്നതെന്നും കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞെന്നും വിനായകന്‍ പറഞ്ഞു.

ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റി) എന്നൊരു ബില്‍ഡിങ് അവിടെയുണ്ടെന്നും അത് തല്ലിപ്പൊളിച്ച് കളയണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിനായകന്റെ പ്രതികരണങ്ങള്‍.

”ആദ്യം അവർ മറൈൻ ഡ്രൈവ് ഉണ്ടാക്കി. പിന്നെ ആ‌ർക്കോ വേണ്ടി മറൈൻ വാക്ക് ഉണ്ടാക്കി. ബോൾഗാട്ടിയുടെ മുന്നിൽ കുറച്ച് കൂടി കായൽ നികത്തി. ഇനി കൊച്ചി കായൽ കുറച്ച് കൂടിയേയുള്ളൂ. അതു കൂടി ഉടനടി നികത്തണം കേട്ടോ. അതു കൂടി നികത്തിക്കഴിഞ്ഞാൽ എല്ലാവർക്കും സന്തോഷമാകുമെന്നാണ് എനിക്ക് തോന്നുന്നത്”, എന്ന് വിനായകൻ പറയുന്നു.

ആർക്ക് വേണ്ടിയാണ് തോടും കായലുമെല്ലാം കോർപ്പറേഷൻ നികത്താൻ സമ്മതിക്കുന്നതെന്ന് വിനായകൻ ചോദിക്കുന്നു. ”ഇതൊന്നും നന്നാകാൻ പോകുന്നില്ല. ആർക്കോ വേണ്ടി ഇവരിതെല്ലാം നികത്തി നികത്തി നികത്തി പോകുവാണ്. ആർക്ക് വേണ്ടിയാണ് ഇത് നികത്തുന്നത് ഇവിടെ ടൗൺ പ്ലാനിംഗ് എന്നൊരു പരിപാടിയില്ലേ? ഇവർക്കൊരു പ്ലാൻ ഇല്ലേ? ഒട്ടും വിദ്യാഭ്യാസമില്ലാത്ത എനിക്ക് പോലും ഇതിലെ പൊള്ളത്തരം മനസ്സിലാകുന്നുണ്ടല്ലോ? ഇത്രയും വിദ്യാഭ്യാസമുള്ള ഇവരിതെന്താണ് ചെയ്യുന്നത്?”, വിനായകൻ ചോദിക്കുന്നു. 

വേലിയേറ്റം കൊണ്ടുണ്ടായ  വെളളപ്പൊക്കം സാധാരണ സംഭവിക്കുന്നതാണ്. എന്നാല്‍ അതൊന്നും അല്ലാ ഇതിന്റെ കാരണം. ഇത് ഇന്നോ, ഇന്നലെയോ ഉണ്ടായ പ്രശ്‌നമല്ല. ഇവിടെ ഉണ്ടായ തോടുകള്‍ ഒന്നും കാണാനില്ല. തോടുകള്‍ എല്ലാം ചെളിക്കുണ്ടുകളാണ്. ഇക്കാണുന്ന കാണകള്‍ ആയി മാറിയിരിക്കുകയാണ്. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം, അതാണ് ഇവിടെ നടക്കുന്നത്, എല്ലാവരും അടിച്ചുമാറ്റലിന്റെ ഭാഗമാണെന്നും വിനായകൻ ആരോപിച്ചു.

‘പനമ്പിള്ളി നഗറിലെ നാട്ടുകാര്‍ താമസിച്ച സ്ഥലങ്ങളൊന്നും കാണാനില്ല. നാട്ടുകാരെല്ലാം ആ ബില്‍ഡിങ്ങുകളുടെ തൊട്ടുതാഴെ ചെളിയില്‍ കിടക്കുന്നുണ്ട്. എന്റെ ബന്ധുക്കാരാണ് പലരും.ആരാണിത് ചെയ്യുന്നത്? ഇടതോ വലതോ ഒന്നുമല്ല പ്രശ്‌നം,’ വിനായകന്‍ പറഞ്ഞു. ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും ഇതെല്ലാം അടിച്ചുമാറ്റിക്കൊണ്ടു പോകുന്നവരുടെ വീടുകളിലേക്ക് ജനം കയറുമെന്നും വിനായകന്‍ പറഞ്ഞു.