പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് കൈമാറാത്തതിന് ഡിജിപിയ്ക്ക് ഹൈക്കോടതിയുടെ വിമർശനം

single-img
23 October 2019

പെരിയ ഇരട്ടക്കൊലക്കേസില്‍ പൊലീസിനും ഡിജിപിയ്ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതി ഉത്തരവിട്ടിട്ടും അന്വേഷണം സിബിഐയ്ക്ക് കൈമാറാത്തത് കൃത്യവിലോപമാണെന്ന് കോടതി കുറ്റപ്പെടുത്തി.

അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി പെരിയയില്‍ കൊലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.

പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അന്വേഷണം കൈമാറാന്‍ വൈകുന്ന ഓരോ നിമിഷവും തെളിവുകള്‍ ഇല്ലാതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കോടതി ഉത്തരവ് പാലിക്കാത്തതത് ഗൗരവതരമായി കാണുന്നുവെന്നും കോടതി വ്യക്തമാക്കി.

എന്തു കൊണ്ടാണ് അന്വേഷണം സിബിഐക്ക് നല്‍കാന്‍ ഇത്രയും വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ഡിജിപിയുടെ നടപടിയേയും കോടതി വിമര്‍ശിച്ചു. ഉടനടി കേസ് ഡയറി കൈമാറണമെന്നാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ഡിജിപിയുടെ നടപടി കൃത്യവിലോപമാണ്. 

സമയം ആവശ്യമായിരുന്നുവെങ്കില്‍ ഡിജിപി കോടതിയെ സമീപിക്കണമായിരുന്നു. ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി വിധി ലഭിച്ചതിന് പിന്നാലെ ഒക്ടോബര്‍ മൂന്നിന് തന്നെ കേസ് ഡയറി കൈമാറാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.