എക്സിറ്റ് പോളുകളിൽ കാര്യമില്ല; മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും പരസ്പരം കാലുവാരുമെന്ന് പ്രതിപക്ഷം

single-img
23 October 2019

ഇപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മഹാരാഷ്ട്രയില്‍ ബിജെപി – ശിവസേന സഖ്യം വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പക്ഷെ ഈ എക്സിറ്റ് പോളുകളെ തള്ളിക്കളയുകയാണ് പ്രതിപക്ഷത്തെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം. ഇതിന് വ്യക്തമായ കാരണവും പ്രതിപക്ഷം പറയുന്നുണ്ട്. സംസ്ഥാനത്തെ അൻപത് മണ്ഡലങ്ങളില്‍ ശിവസേനയ്ക്കും ബിജെപിയ്ക്കും വിമതരുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.

വിമതരുടെ ശക്തമായ സാന്നിധ്യം ഭരണ പക്ഷത്തിന്റെ വിജയസാധ്യതയെ തകര്‍ക്കും.ഇതിനെല്ലാം പുറമെ പല സീറ്റുകളിലും ശിവസേനയും ബിജെപിയും പരസ്പരം കാലുവാരിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. ഉദാഹരണമായി കോലാപ്പൂര്‍, സംഗ്ലി മേഖലകളില്‍ വിമതര്‍ ഭരണസഖ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.

ഇക്കുറി ശക്തമായ പ്രളയം ബാധിച്ച കാഗല്‍ പോലുള്ള മണ്ഡലങ്ങളില്‍ പോളിംഗ് ഉയര്‍ന്നതും ഭരണകക്ഷികള്‍ക്കെതിരെയുള്ള വികാരമാണെന്ന് ഇവര്‍ കരുതുന്നു. അതേപോലെ, എൻസിപിയുടെ നേതാവായ ശരത് പവാറിന് സംസ്ഥാനത്ത് ജനപ്രീതി വീണ്ടും തിരികെ പിടിക്കാനായെന്നും ജനങ്ങൾക്കിടയിൽ ഇവ വോട്ടായി മാറുമെന്നും പ്രതിപക്ഷം വിശ്വസിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ 100 മുതല്‍ 110 സീറ്റ് വരെയാണ് കോണ്‍ഗ്രസ്-ശിവസേന സഖ്യം പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ട് നേരത്തെ പറഞ്ഞിരുന്നു. ഭരണ പക്ഷത്തിനെതിരായ ജനരോഷം ശക്തമായാല്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു.