ലണ്ടൻ നഗരത്തെ ഞെട്ടിച്ച് ലോറിയ്ക്കുള്ളിൽ 39 മൃതദേഹങ്ങൾ: ബൾഗേറിയയിൽ നിന്നെത്തിയ ലോറിയെന്ന് പൊലീസ്

single-img
23 October 2019

ലണ്ടൻ: ലണ്ടൻ നഗരത്തിനടുത്തുള്ള എസെക്സിൽ ഒരു ട്രക്കിലെ കണ്ടെയ്നറിനുള്ളിൽ നിന്നും 39 മൃതദേഹങ്ങൾ ബ്രിട്ടീഷ് പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർ അയർലൻഡ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനായ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എസ്സെക്സിലെ ഗ്രേയ്സിലുള്ള വാട്ടര്‍ഗ്ലെയ്ഡ് വ്യവസായപാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്നറിനുള്ളിലായിരുന്നു മൃതദേഹങ്ങൾ. ഒരു കൗമാരക്കാരന്റെയും 38 മുതിര്‍ന്നവരുടെയും മൃതദേഹങ്ങളാണ്  കണ്ടെയ്നറിലുളളത്. ബള്‍ഗേറിയ റജിസ്ട്രേഷനുളളതാണ് ലോറി. ബള്‍ഗേറിയയില്‍ നിന്ന് ശനിയാഴ്ചയാണ് ലോറി എസെക്സിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. അയർലൻഡിലേയ്ക്ക് സർവ്വീസ് നടത്തുന്ന ഹോളിഹെഡ് തുറമുഖം വഴി അയർലൻഡിൽ നിന്നും വന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടുക്കം രേഖപ്പെടുത്തി.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസെക്സ് പൊലീസ് അറിയിച്ചു. 39 മൃതദേഹങ്ങൾ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ ജോലിയെന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

ബൾഗേറിയയിൽ നിന്നും യുകെയിലേയ്ക്ക് കുടിയേറാൻ ശ്രമിച്ചവരാകാം കൊല്ലപ്പെട്ടതെന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ പുരോഗമിക്കുന്നുണ്ട്.