കൊല്ലത്ത് എട്ടാം ക്ലാസുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ: പിടിയിലായത് അമ്മയുടെ സുഹൃത്ത്

single-img
23 October 2019

കൊല്ലം: കടയ്ക്കലിൽ എട്ടാം ക്ലാസുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പിടിയിലായത്.

പെണ്‍കുട്ടിയെ ഒരു വർഷത്തോളം നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊല്ലം കടയ്ക്കൽ ചരിപറമ്പ് കോവൂർ സ്വദേശി ആശിഖാണ് 2018 മുതൽ നിരന്തരം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.

പിന്നോക്ക സമുദായത്തിൽ പെട്ട പെൺകുട്ടി റെസിഡൻഷ്യൽ സ്കൂളിലാണ് പഠിക്കുന്നത്. പഠനത്തിൻറെ ഇടവേളകളിലും മറ്റും  വീട്ടിലെത്തുന്ന പെൺകുട്ടിയെ പെൺകുട്ടിയുടെ വീട്ടിലെത്തി വശീകരിച്ച് ഇയാൾ പീഡനത്തിനിരയാക്കിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിഷയങ്ങൾ ചോദിച്ചറിയുന്ന അധ്യാപകർ കുട്ടിയുമായി സംസാരിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.  തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. 

ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ  സ്ഥിരം സന്ദർശകനായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു.