ദുബായിൽ സ്വർണ വില കുറഞ്ഞു; ഒരു പവനിൽ 3500 മുതൽ 3750 രൂപയുടെ വരെ ലാഭം

single-img
23 October 2019

അന്താരാഷ്‌ട്ര തലത്തിൽ യുഎസ് – ചൈന വ്യാപാര യുദ്ധത്തിനിടെ നടന്ന സന്ധി സംഭാഷണങ്ങളും വിവിധ രാജ്യങ്ങളുടെ നിലപാടുകളിലെ അയവും മൂലം സ്വർണവില ദുബായിൽ വളരെ താഴ്ന്നു. അതിനാൽ തന്നെ ഈ സാഹചര്യം പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അടുത്ത ആഴ്ചയിൽ വരുന്ന ദീപാവലി മൂലവും വ്യാപാരം പ്രോത്സാഹിപ്പിക്കാൻ ധാരാളം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ള സമയവുമാണിത്. ദീപാവലി അവധിക്കായി നാട്ടിലേക്ക് പോകുന്നവർ സ്വർണം വാങ്ങിപ്പോകുന്നത് ലാഭകരമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പറയുന്നു.

ഈ സമയം ഒരു പവൻ സ്വർണം വാങ്ങിപ്പോകുന്ന ആൾക്ക് 3500-3750 രൂപയുടെ വരെ ലാഭം ഉണ്ടാകും. മാത്രമല്ല വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നവർക്ക് വാറ്റ് തുക തിരികെ ലഭിക്കുമെന്ന ആനുകൂല്യം കൂടി കണക്കിലെടുത്താൽ കുറഞ്ഞത് 12.5% ലാഭം വരെ നേടാൻ സാധിക്കും.

ഇന്ത്യയിലെ ഇപ്പോഴത്തെ സ്വർണവില ഗ്രാമിന് 3725 രൂപയാണ്. ദുബായിലാവട്ടെ ഇന്നലെ 169 ദിർഹമാണ് (3261 രുപ). 464 രൂപയുടെ വ്യത്യാസം. ഈ റേറ്റിൽ ഒരു പവനാകുമ്പോൾ 3700 രൂപയുടെ ലാഭം ഉണ്ടാകും.
അതായത് പത്തുപവൻ സ്വർണം വാങ്ങിപ്പോകുന്ന ഒരാൾക്ക് വാറ്റ് ഉൾപ്പെടെ 45,000 രൂപ ലാഭിക്കാം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി സൂക്ഷിക്കാൻ യോജ്യമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയർമാനുമായ ജോയ് ആലുക്കാസും പറയുന്നു.

മുൻ മാസങ്ങളെഅപേക്ഷിച്ച് വില അൽപം താഴ്ന്നു നിൽക്കുകയാണെന്നും ഡിസംബർ ആകുമ്പോഴേക്കും സ്വർണ വിപണിയിൽ അഞ്ചു മുതൽ പത്തു ശതമാനത്തിന്റെ വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദീപാവലി ആയതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന പദ്ധതി മിക്ക സ്വർണക്കടകളും നൽകുന്നുണ്ടെന്നും വാങ്ങുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ഏറ്റവും പറ്റിയ സമയമാണിതെന്നും സ്കൈ ജ്വല്ലറി ജനറൽ മാനേജർ സിറിയക് വർഗീസ് പറഞ്ഞു.

വിവിധ ലോകരാജ്യങ്ങളിലെ വ്യത്യസ്തമായ ഫാഷനുകൾ ദുബായിൽ എത്തുമെന്നതിനാൽ വാങ്ങാനെത്തുന്നവർക്ക് ധാരാളം ഡിസൈനുകൾ തിരഞ്ഞെടുക്കാനാകുമെന്ന് ഷംലാൽ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തും ഇറക്കുമതി സ്വർണം കിട്ടുമെങ്കിലും നികുതി ഏറെയായതിനാൽ വില വളരെ കൂടും. ഇതിനെല്ലാം പുറമെ സുതാര്യതയും ദുബായിയെ സ്വർണ പ്രേമികളുടെ ഇഷ്ടകേന്ദ്രമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഏകദേശം21.5% ലാഭമാണ് കഴിഞ്ഞ വർഷം ഇതേ സമയം സ്വർണം വാങ്ങിയവർക്ക് ഇപ്പോൾ കണക്കാക്കുമ്പോൾ ലഭിച്ച നേട്ടം. വേറെ ഒരു മേഖലയിലും നിക്ഷേപം നടത്തിയാൽ ഈ നേട്ടമുണ്ടാകില്ലെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പറയുന്നു.