ശ്രീകുമാര്‍ മേനോനെതിരേ കേസെടുത്തു; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്

single-img
23 October 2019

നടി മഞ്ജു വാര്യർ നൽകിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. ഡിജിപിയുടെ നിർദ്ദേശപ്രകാരം തൃശൂര്‍ ഈസ്റ്റ് പോലീസ് സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും. രണ്ട് ദിവസം മുൻപാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്.

ശ്രീകുമാര്‍ മേനോന്‍ തന്നെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്നു. അതേപോലെ തന്നെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിൽ ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്.

ഈ സിനിമയ്ക്ക് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്. എന്നാൽ , പോലീസില്‍ പരാതി നല്‍കിയ വിഷയത്തില്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. മഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീകുമാര്‍ മേനോന്‍ സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റിലൂടെ നടത്തിയത്.