ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ വിദേശത്തേക്ക് അയച്ചത് ഏഴ് ലക്ഷം കിലോ നൂല്‍

single-img
23 October 2019

നൂല്‍ ഉപയോഗിക്കുന്നത് ജീന്‍സ് വസ്ത്ര നിര്‍മാണത്തിന്

തിരുവനന്തപുരം: ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ 10 മാസത്തിനിടെ വിദേശത്തേക്ക് കയറ്റി അയച്ചത് ഏഴ് ലക്ഷം കിലോ കോട്ടണ്‍നൂല്‍. തായ്‌ലന്‍ഡ്, ചൈന, ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് നൂല്‍ കൊണ്ടുപോയത്. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഈ പൊതുമേഖലാ സ്ഥാപനം വ്യവസായ വകുപ്പിന്റെ പിന്തുണയോടെ അതിഗംഭീര തിരിച്ചുവരവാണ് നടത്തുന്നത്.

2018 നവംബറിലാണ് മില്ലില്‍ നിന്നും കോട്ടണ്‍നൂല്‍ കയറ്റുമതി ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള കട്ടിയുള്ള നൂലുകളാണ് മില്ലില്‍ ഉല്‍പാദിപ്പിക്കുന്നത്. ജീന്‍സ് വസ്ത്രങ്ങളുടെ നിര്‍മാണത്തിനാണ് ഈ നൂല്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ബെഡ്ഷീറ്റ് നിര്‍മാണത്തിനും ഈ നൂല്‍ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ ഇതര സ്പിന്നിംഗ് മില്ലുകളിലെ കോട്ടണ്‍ അവശിഷ്ടങ്ങളില്‍ നിന്നാണ് ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ നൂല്‍ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.25 കോടി വിറ്റുവരവിലൂടെ നേടി. 2016-17ല്‍ 1.98 കോടിയായിരുന്നു വിറ്റുവരവ്. ശ്രീലങ്ക ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് നൂലിന് ഓര്‍ഡറുകള്‍ വരുന്നുണ്ട്. കൊല്‍ക്കത്ത, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നുണ്ട്. തൂത്തുക്കുടി വഴിയാണ് നൂല്‍ കയറ്റി അയയ്ക്കുന്നത്. 72 ജീവനക്കാര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു.

കൈത്തറി മേഖലയ്ക്ക് ആവശ്യമായ നൂല്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്നതിനാണ് മില്‍ ആരംഭിച്ചത്. എന്നാല്‍ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് 1998ല്‍ അടച്ചുപൂട്ടി. 2004ല്‍ ഹൈക്കോടതി മില്‍ ലിക്വിഡേറ്റ് ചെയ്യാന്‍ ഉത്തരവിടുകയും ലിക്വിഡേറ്ററെ നിയമിക്കുകയും ചെയ്തു. 2007ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കുകയും ജപ്പാന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.5 കോടി രൂപ നല്‍കി.

പ്രവര്‍ത്തനരഹിതമായിരുന്ന യന്ത്രങ്ങള്‍ നന്നാക്കി. തേയ്മാനം വന്ന യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞ ബജറ്റില്‍ 7.5 കോടി രൂപയും അനുവദിച്ചു. നവീകരണത്തിനു ശേഷം ഉല്‍പാദനമികവിലേക്കെത്തിയ സ്ഥാപനത്തില്‍ 680 റോട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് ദിവസം 3 ടണ്ണോളം ഉല്‍പ്പാദനം നടത്തുന്നു.