ഇത്രയും മോശം ഭരണം നടത്തിയിട്ടും എങ്ങനെയാണ് ബിജെപി വിജയിക്കുന്നതെന്ന് അറിയില്ല; ഇവിഎമ്മിൽ സംശയവുമായി സിദ്ധരാമയ്യ

single-img
22 October 2019

രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഇത്രയും മോശം ഭരണം നടത്തിയിട്ടും എങ്ങനെയാണ് ബിജെപി വിജയിക്കുന്നതെന്ന് അറിയില്ല.ഇവിഎം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോലാപൂര്‍-ഹൈദരാബാദ് റോഡിലൂടെ സഞ്ചരിച്ചു.

അവിടെ റോഡെല്ലാം തകര്‍ന്നിരിക്കുകയാണ്. ബിജെപി നേതാവായ നിതിന്‍ ഗഡ്കരി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഈ അവസ്ഥ. എന്നിട്ടുപോലും അവര്‍ ജയിക്കുകയാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ്. അവർ നൽകുന്ന നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.

കേന്ദ്ര ഏജൻസികളായ സിബിഐയെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ദുരുപയോഗം ചെയ്തത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്യുകയാണ്. ഈ 24ന് ഫലം വരും. ജനവിധി നമ്മള്‍ അംഗീകരിക്കണം. ഏത് തരത്തിലുള്ള വിധിയാണ് അവര്‍ കുറിക്കുകയെന്നതിനെക്കുറിച്ച് അറിയില്ല.

കർണാടകയിൽ പ്രളയ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ യെദിയൂരപ്പ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.