ഏത് ചിഹ്നത്തിൽ അമർത്തിയാലും വോട്ട് വീഴുക ബിജെപിക്ക്; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പുറത്തുവന്നത് വൻ തട്ടിപ്പ്

single-img
22 October 2019

കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ പോളിങ് സ്റ്റേഷനായ സത്താരയിൽ നിന്ന് പുറത്തുവരുന്നത് വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നു എന്ന വിവരങ്ങളാണ്. ഇവിടെയുണ്ടായിരുന്ന ഇവിഎമ്മി ലെ ഏത് ചിഹ്നത്തിൽ അമർത്തിയാലും വോട്ട് വീഴുക ബിജെപിക്കാണ്. പരിശോധനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവച്ചു.

വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടുകൂടിയാണ് സംഭവം ആദ്യമായി പുറത്തറിയുന്നത്. ഈ സമയം ഇരുന്നൂറിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയിരുന്നു. തങ്ങൾ വോട്ട് ചെയ്തത് മാറി പോയെന്ന് കാണിച്ച് കോറെഗാവ് മണ്ഡലത്തിൽ നിന്നുള്ള വോട്ടർമാർ ഉദ്യോ​ഗസ്ഥരെ സമീപിച്ചപ്പോഴാണ് അട്ടിമറി വെളിച്ചത്താകുന്നത്.

ജനങ്ങളുടെ പരാതിയെ തുടർന്ന് വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ബിജെപിക്കാണ് വോട്ട് കിട്ടിയിരിക്കുന്നതെന്ന് വോട്ടർമാർ തിരിച്ചറി‍ഞ്ഞത്. തുടർന്ന് വോട്ടർമാർ പോളിങ് ബൂത്ത് ഓഫീസർക്ക് പരാതി നൽകി. ഈ പരാതിയിൽ ഉദ്യോഗസ്ഥർ നടപ്പടിയെടുക്കാത്തതിനെ തുടർന്ന് വോട്ടർമാർ പ്രതിഷേധവുമായി രം​ഗത്തെത്തി.

തുടർന്ന് വിഷയത്തിൽ പോലീസ് ഇടപ്പെടുകയും ഉദ്യോ​ഗസ്ഥർ ഇവിഎം പരിശോധിക്കാൻ തയ്യാറാകുകയും ചെയ്യുകയായിരുന്നു. പരിശോധനയിൽ വോട്ടർമാരുടെ ആരോപണം ശരിയാണെന്ന് കണ്ടെത്തി. പിന്നീട് പോളിങ് ബൂത്തിലെ മുഴുവൻ ഇവിഎം മെഷീനുകളും മാറ്റി പുതിയ മെഷീനുകൾ സ്ഥാപിച്ചു. ഈ തിരിമറി ഇലക്ഷൻ‌ കമ്മീഷൻ ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു.