ഹരിയാനയില്‍ ബിജെപി വീഴും; തൂക്കുനിയമസഭ വരുമെന്ന് ഇന്ത്യ ടുഡെ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍

single-img
22 October 2019

തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടന്ന ഹരിയാനയില്‍ തൂക്കുനിയമസഭയ്ക്ക് സാധ്യതയെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 90 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 32 മുതല്‍ 44 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് 30 മുതല്‍ 42 വരെ സീറ്റുകള്‍ നേടി തിരിച്ചു വരവ് നടത്തുമെന്ന് സർവ്വെ പറയുന്നു.

മുൻപ് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹരിയാനയില്‍ പതിനഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. എന്നാൽ ഇക്കുറി സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് സർവേ നൽകുന്ന സൂചന. 2014ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 90 സീറ്റുകളില്‍ 47 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലേറിയത്.

ആ തെരഞ്ഞെടുപ്പിൽ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 19 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 15 സീറ്റുകളിലേക്ക് ചുരുങ്ങി. മറ്റുള്ള എക്സിറ്റ് പോളുകള്‍ ബിജെപിക്ക് വന്‍ സാധ്യത കല്‍പ്പിക്കുമ്പോഴാണ് തൂക്ക് നിയമസഭയെന്ന ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വെ ഫലം പുറത്തു വരുന്നത്.