ആള്‍ക്കൂട്ട, മത – വര്‍ഗീയ കൊലപാതകങ്ങളുടെ കണക്കില്ല; രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

single-img
22 October 2019

രാജ്യത്തുണ്ടായ കലാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കണക്ക് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. 2017ൽ നടന്ന വിവരങ്ങളുടെ റിപ്പോര്‍ട്ടാണ് ഒരു വര്‍ഷം വൈകി പ്രസിദ്ധീകരിച്ചത്.

എന്നാൽ ഇതിൽ ആള്‍ക്കൂട്ട കൊലപാതകങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും മതവര്‍ഗീയ കൊലപാതകങ്ങളും ഇത്തവണ റിപ്പോര്‍ട്ടില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിമര്‍ശനമുയര്‍ന്നു. പുതുതായി സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് മുൻപുള്ള വർഷങ്ങളിൽ ആള്‍ക്കൂട്ട കൊലപാതകവും മത വര്‍ഗീയ കലാപങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേകം ഇടം നേടിയിരുന്നെങ്കില്‍ ഇത്തവണ ‘മറ്റുള്ളവ(others)’ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാൽ 2017ല്‍ രാജ്യത്ത് എത്ര ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായ കണക്കില്ല. ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നടക്കുന്ന കലാപങ്ങളുടെ എണ്ണം കുറഞ്ഞു. എന്നാൽ തീവ്രത വര്‍ധിച്ചു.

2017ല്‍ ഇന്ത്യയിൽ പ്രതിദിനം ശരാശരി 161 കലാപക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശരാശരി 247 പേര്‍ കലാപങ്ങള്‍ക്ക് ഇരയാകുന്നു. ഇരകളുടെ എണ്ണത്തിന്റെ കാര്യത്തിൽ 2016നേക്കാള്‍ 22 ശതമാനം വര്‍ധനവുണ്ടായി. ആകെ 58,880 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കലാപങ്ങൾക്ക് ഇരയായവര്‍ 90,304പേര്‍. മുൻ വര്‍ഷം 61,974 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇരകളുടെ എണ്ണം 73,744 ആയിരുന്നു. ബീഹാറിലാണ് ഏറ്റവും കൂടുതല്‍ കലാപം നടന്നത്(11698). യുപി(8990), മഹാരാഷ്ട്ര(7743) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. തമിഴ്നാട്ടിലാണ് കൂടുതല്‍ പേര്‍ കലാപങ്ങള്‍ക്ക് ഇരയായത്. 1935 കേസുകളില്‍ 18,749 പേര്‍ കലാപത്തിന് ഇരയായി. അതേസമയം പഞ്ചാബാണ് സമാധാനം പുലരുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍.

ഒരേയൊരു കലാപക്കേസ് മാത്രമാണ് പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ ആകെ 869 വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2017ല്‍ 723 വര്‍ഗീയ കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സമാനമായി ഇരകളുടെ എണ്ണത്തിലും കുറവുണ്ടായി.