മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെ; നബീസയെ പോലീസിന് കൈമാറിയെന്ന് ടിക്കാറാം മീണ

single-img
22 October 2019

കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മണ്ഡലത്തിലെ 43ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് കേസിൽ അറസ്റ്റിലായത്. ഇവരുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ടെന്നും അവരെ പോലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

ഇവരുടെ ബൂത്തിലെ വോട്ടറല്ലാതിരുന്ന നബീസ കള്ളവോട്ട് ചെയ്യാൻ തന്നെയാണ് എത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. നബീസയുടെ ഭർത്താവ് മുസ്ലീം ലീഗിന്‍റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ പറഞ്ഞു. അതേപോലെ, കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ലെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.

വോട്ടെടുപ്പ് ദിവസം ആറ് മണിവരെ എത്തിയ എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്. ഇതുവരെ റീ പോളിംഗ് ആവശ്യപ്പെട്ട് ആരും കത്ത് നൽകിയിട്ടില്ലെന്നുംഅദ്ദേഹം അറിയിച്ചു. എൻ എസ് എസ് അയച്ച വക്കീൽ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ആ അധ്യായം അടഞ്ഞുവെന്നും മീണ വ്യക്തമാക്കി.