കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന ശേഷം കള്ളനോട്ടുകള്‍ കൂടി; ഏറ്റവും കൂടുതല്‍ പിടികൂടിയത് ഗുജറാത്തില്‍ നിന്നും

single-img
22 October 2019

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന ശേഷം രാജ്യത്ത് ഇരട്ടി കള്ളനോട്ടുകള്‍ പിടികൂടിയെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. 2017ല്‍ മാത്രം 28.1 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. അതേസമയം മുൻപ് 2016ല്‍ 15.9 കോടി രൂപയുടെ കള്ളനോട്ടാണ് രാജ്യത്ത് പിടികൂടിയത്.

2017ല്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 14.97 കോടി രൂപയുടേതും 2000 രൂപയുടേതാണ്. 2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്ര സർക്കാർ രാജ്യത്ത് 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. 2017ല്‍ മാത്രം 3,55,994 എണ്ണം കള്ളനോട്ടുകളാണ് പിടികൂടിയത്. 2016ലാവട്ടെ 2,81,839 കള്ളനോട്ടുകളാണ് പിടികൂടിയത്. അതായത് 26 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

ഇതിൽ ഗുജറാത്തിലാണ് കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്. ഏകദേശം ഒമ്പത് കോടി രൂപയാണ് പിടികൂടിയത്. തൊട്ടുപിന്നിലുള്ള ഡൽഹിയിൽ 6.7 കോടി രൂപയും യുപിയിൽ 2.8 കോടി രൂപയും ബംഗാളില്‍ 1.9 കോടി രൂപയുമാണ് പിടികൂടിയത്. കള്ളനോട്ടുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(181).