സോഷ്യല്‍ മീഡിയയ്ക്കുള്ള പുതിയ നിയന്ത്രണങ്ങൾ മൂന്ന് മാസത്തിനകം കൊണ്ടുവരും; കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍

single-img
21 October 2019

സോഷ്യല്‍ മീഡിയയ്ക്കുള്ള പുതിയ നിയന്ത്രണങ്ങൾ മൂന്ന് മാസത്തിനകം കൊണ്ട് വരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.നവമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജവാർത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ കൊണ്ടു വരുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

നേരത്തെ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇപ്പോൾ സത്യവാങ്ങ്മൂലം സമർപ്പിച്ചിരിക്കുന്നത്. സെപ്തംബറിലായിരുന്നു സുപ്രീം കോടതി കേന്ദ്രത്തിന് ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മൂന്ന് ആഴ്ചത്തെ സമയം നൽകിയത്.

ഫലത്തിൽ കോടതി അനുവദിച്ച സമയം നീട്ടിചോദിക്കുകയാണ് കേന്ദ്രം ഇന്നത്തെ സത്യവാങ്ങ്മൂലത്തിലൂടെ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ ദുരുപയോഗം നിയന്ത്രിക്കാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, അനിരുദ്ധ് ബോസ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹർജി പരിഗണിക്കവേയായിരുന്നു കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നയരൂപീകരണത്തിന്‍റെ കാര്യത്തിൽ അഭിപ്രായം ആരാഞ്ഞത്. ഈ വിഷയത്തിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് തന്നെയായിരുന്നു സുപ്രീം കോടതി നിരീക്ഷണം.