കെ സുരേന്ദ്രന് കോന്നിയില്‍ തോല്‍വി; ഇടത് പക്ഷത്തിന് അട്ടിമറി വിജയം; പ്രവചനവുമായി മനോരമ ന്യൂസ്-കാര്‍വി എക്‌സിറ്റ് പോള്‍

single-img
21 October 2019

ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലം ഇടത് മുന്നണി പിടിച്ചെടുക്കുമെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം. ഇടത് മുന്നണി ഇവിടെ അഞ്ചു ശതമാനം വോട്ടിന്റെ ഭൂരിപക്ഷം നേടി മണ്ഡലം പിടിച്ചെടുക്കുമെന്നാണ് ഫലം പറയുന്നത്. ബിജെപി ജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തില്‍ കെ സുരേന്ദ്രന് 12 ശതമാനം വോട്ട് മാത്രമായിരിക്കുമെന്നും ഫലം പറയുന്നു.

മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് 41 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പറയുന്നു. അതായത് 2016-ലേതിനെക്കാള്‍ യുഡിഎഫ് 9.99 ശതമാനം വോട്ടിനു പിന്നിലാണിവിടെ. എന്നാല്‍ ഇടത് മുന്നണിയാവട്ടെ 9.55 ശതമാനം മുന്നിലും.യുഡിഎഫ് മന്ത്രിസഭയിലെ മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ യുഡിഫിന് പി മോഹന്‍രാജാണു സ്ഥാനാര്‍ത്ഥി.

കാസര്‍കോട്ടെ മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമിക്കു പുറമേ മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലവും പറയുന്നു. ഇവിടെ 36 ശതമാനം വോട്ടുകളാണ് യുഡിഎഫിന് ലഭിക്കുകയെന്ന് മനോരമ പറയുന്നു. എന്നാല്‍ യുഡിഎഫ് 40 ശതമാനം വോട്ട് നേടുമെന്നും എന്‍ഡിഎ 37 ശതമാനം വോട്ട് നേടുമെന്നുമാണ് മാതൃഭൂമി ന്യൂസ് ഫലത്തില്‍ പറയുന്നത്.

കഴിഞ്ഞതവണ യുഡിഎഫ് ജയിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ മത്സരിച്ച എന്‍ഡിഎയായിരുന്നു രണ്ടാംസ്ഥാനത്ത്. കേവലം 89 വോട്ടിനു മാത്രമായിരുന്നു ഉഡിഎഫ് വിജയം.