അപകടമല്ല സാർ, ഒരു കൊലപാതകമാണ്, കൊല ചെയ്തതു ഞങ്ങളാണ്…

single-img
21 October 2019

തിരുവനന്തപുരം: ആനയറയിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന പ്രതികൾ തുമ്പ പൊലീസ് സ്റ്റേഷനിലെത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട്.

തുമ്പ പൊലീസ് സ്റ്റേഷനു മുൻപിൽ ചുറ്റികറങ്ങിയ സംഘത്തോട് ‘എന്താണു വിഷയം,അപകടം വല്ലതുമാണോ?‘ എന്ന് എഎസ്ഐ ചോദിച്ചു. ‘അപകടമല്ല സാർ, ഒരു കൊലപാതകമാണ്, ആനയറയിലെ കൊല ചെയ്തതു ഞങ്ങളാണ്’ എന്ന നിസ്സംഗമായ മറുപടി കേട്ട ഉദ്യോഗസ്ഥൻ ഒന്നു നടുങ്ങി. കസേരയിൽ നിന്നു എഴുന്നേറ്റ പൊലീസുകാരൻ സഹപ്രവർത്തകരെ വേഗം വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കാരാളി അനൂപ് വധക്കേസിലെ ഒന്നാം പ്രതിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ   ചാക്ക താഴശേരി ടിസി 56–1441 വയലിൽ വീട്ടിൽ വിപിനെ (കൊച്ചുകുട്ടൻ–32) സവാരി വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് സ്വമേധയാ കീഴടങ്ങിയത്. കടകംപള്ളി കല്ലുംമൂട് തണൽവീട്ടിൽ റിജു(28), പേട്ട കവറി റോഡ് ലക്ഷ്മി ഭവനിൽ ശിവപ്രതാപ് (37), ചാക്ക സ്വദേശികളായ  കുളത്തിങ്കര മുടുമ്പിൽ വീട്ടിൽ ജയദേവൻ(27), വൈഎംഎ റോഡ് മണലിൽ വീട്ടിൽ റസീം (30),  മുരുകൻ കോവിലിനു സമീപം മുടുമ്പിൽ വീട്ടിൽ അനുലാൽ(26)  റെയിൽവേ പാലത്തിനു സമീപം മുടുമ്പിൽ പുത്തൻവീട്ടിൽ വിനീഷ് (23) എന്നിവരാണ് കീഴടങ്ങിയത്.

ഇന്നലെ രാത്രി 7.35നു വക്കീലിന്റെ സഹായത്തോടെയാണ് ഇവർ സ്റ്റേഷനിലെത്തിയത്. 5 മണിയോടെ തന്നെ പ്രതികൾ കീഴടങ്ങുമെന്ന് സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. പേട്ട പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചത്.

വിപിനെ വകവരുത്തിയത് ഒരു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണെന്ന് പ്രതികൾ പറഞ്ഞു. രാത്രി ഓട്ടോ ഡ്രൈവറെ സവാരി വിളിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും വെട്ടിമാറ്റാനായിരുന്നു പദ്ധതിയെങ്കിലും വിപിൻ രക്തം വാർന്നു മരിക്കുകയായിരുന്നു. ഈഞ്ചയ്ക്കലിലെ മാളിനു മുന്നിൽ നിന്ന് അക്രമി സംഘത്തിലെ ഒരാൾ വിപിനെ സവാരി വിളിച്ച് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. വലതു കൈയും വലതു കാലും ഇടതുപാദവും  വെട്ടിമാറ്റിയ നിലയിലായിരുന്നു വിപിന്റെ മൃതദേഹം.

കഴിഞ്ഞ ഓഗസ്റ്റിൽ ഈഞ്ചയ്ക്കലിലെ ബാറിൽ വച്ച് ചാക്കയിലെ സംഘവും വിപിനും തമ്മിൽ സംഘട്ടനം നടന്നു. ഇതിൽ ചാക്ക സംഘത്തിലെ രണ്ടുപേർക്കു പരുക്കേൽക്കുകയും ഇവർ നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസ് വിപിനെ പിടികൂടി റിമാൻഡ് ചെയ്യുകയും ചെയ്തു .രണ്ടാഴ്ച മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ബാറിൽവച്ച് ആക്രമിച്ചതിന്റെ വൈരാഗ്യമാണു കൃത്യത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു.