ദേശീയ പുരസ്കാരജേതാവായ നടി രാധാമണി അന്തരിച്ചു

single-img
20 October 2019

പ്രശസ്ത തെന്നിന്ത്യൻ- ബോളിവുഡ് നടിയും ദേശീയ പുരസ്കാരജേതാവുമായ രാധാമണി ( 67) അന്തരിച്ചു. ചെന്നൈയിലെ വടപളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ദീർഘകാലമായുള്ള ശ്വാസകോശ സംബന്ധിയായ രോഗത്തെ തുടർന്നാണ് മരണം.

വിവിധ ഭാഷകളിൽ മുൻനിര താരങ്ങളായ പ്രേംനസീർ, സത്യൻ, മോഹൻലാൽ, മമ്മൂട്ടി. ഷാരൂഖ് ഖാൻ തുടങ്ങിയ നായകർക്കൊപ്പം ധാരാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് രാധാമണി. മലയാളത്തിൽ ദേശീയ പുരസ്കാരത്തിനർഹമായ അരവിന്ദൻ സംവിധാനം ചെയ്ത ചിത്രം ഉത്തരായനത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് രാധാമണിയായിരുന്നു. ഈ സിനിമയിലെ അഭിനയം തന്നെയാണ് രാധാമണിക്കും ദേശീയ പുരസ്കാരംലഭിക്കാൻ കാരണമായത്. മലയാളത്തിൽ കൊടിയേറ്റം, അരക്കള്ളൻ മുക്കാൽ കള്ളൻ എന്നിവയാണ് രാധാമണി വേഷമിട്ട മറ്റ് പ്രധാന ചിത്രങ്ങൾ.

സിനിമാ നിർമാണരംഗത്ത് നിലവിളക്ക് എന്ന നിർമാണസംരഭം രാധാമണിയെന്ന നടിയുടെ പ്രൌഡജീവിതത്തിന് വിരാമമിട്ടു. അവസാനകാലത്ത് ധാരാളം പരാധീനതകളുടെ ലോകത്തായിരുന്നു രാധാമണി. ജീവിക്കാനായി കഷ്ടപ്പെടുന്ന രാധാമണിയുടെ വാർത്ത മാധ്യമങ്ങളിൽ വാർത്തയായി. ഇതിനെ തുടർന്ന് സംസ്ഥാന സർക്കാരും സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിൽ നിന്ന് ഒരു ലക്ഷം രൂപയുടെ സഹായം രാധാമണിക്ക് നൽകിയിരുന്നു.

ഇതിനെല്ലാം പുറമെ മകന് പറ്റിയ അപകടവും ചികിത്സാ ചെലവും തളർത്തിയതിന് പിന്നാലെയാണ് ദുരന്തം ഇരട്ടിയാക്കി ശ്വാസകോശ രോഗവും രാധാമണിയെ പിടികൂടിയത്. അസുഖം കൂടിയതിനെ തുടർന്ന് വൈകിട്ടോടെ വടപളനിയിലെ വീട്ടിൽ ആയിരുന്നു അന്ത്യം.സംസ്കാരം നാളെ രാവിലെ 11 മണിക്ക് ചെന്നൈയിൽ നടക്കും.