കോടതി അയോധ്യ വിധി പുറപ്പെടുവിക്കുമ്പോള്‍ ഭാവി തലമുറ മനസിലുണ്ടാകണം: മുസ്‌ലീം സംഘടനകള്‍

single-img
20 October 2019

സുപ്രീം കോടതി അയോധ്യ കേസിൽ വിധി പുറപ്പെടുവിക്കുന്നത് രാജ്യത്തിന്റെ ഭാവി കൂടി ഓര്‍ത്തുകൊണ്ടാകണമെന്ന് മുസ്‌ലീം സംഘടനകള്‍. കേസിൽ ഉൾപ്പെട്ട കക്ഷികളോട് കൂടുതല്‍ വാദങ്ങള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുകൊണ്ട് ഇന്നലെ മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.

രാജ്യത്തിന്റെ ഭാവി തലമുറയെക്കൂടി ബാധിക്കുന്നതാകും അയോധ്യ കേസിലെ വിധി. അതോടൊപ്പം തന്നെ രാഷ്ട്രീയഗതിയേയും സ്വാധീനിക്കും. കേസിൽ വിധിയുടെ സത്ത എന്താകണം എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അത്തരത്തിൽ തീരുമാനം എടുക്കുമ്പോൾ ഭാവി തലമുറ മനസ്സിലുണ്ടാകണമെന്നും അപേക്ഷിയില്‍ പറയുന്നു.

കോടതിയുടെ വിധി രാജ്യത്തെ കോടിക്കണക്കിന് പൗരന്‍മാരുടെ ചിന്തയേയും സ്വാധീനിക്കും. അതുകൊണ്ട് തന്നെ നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതാകണം വിധിയെന്നും അപേക്ഷയില്‍ പറയുന്നു.

രാജ്യത്തിന്റെ ദേശീയതയും മതേതരത്വവും കാത്തുസൂക്ഷിക്കണം. കോടതിയുടെ വിധി എന്തു തന്നെയായാലും യാതൊരു പ്രകോപനവും ഉണ്ടാവില്ലെന്ന് മുസ്ലീം സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ മതേതരത്വത്തിന് മുന്‍ഗണന നല്‍കുന്നതാകും നിലപാട്. മുൻപ്, കോടതി നിയോഗിച്ച മധ്യസ്ഥ ചര്‍ച്ചകളെ എതിര്‍ത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കത്ത് നല്‍കിയതോടെയാണ് മുസ്ലിം കക്ഷികള്‍ക്കുള്ളില്‍ത്തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തുവന്നത്.

വിഷയത്തിൽ സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് മറ്റു മുസ്ലിം കക്ഷികളെ അറിയിച്ചിട്ടില്ലെന്നും മധ്യസ്ഥ സമിതിയുടെ ശുപാര്‍ശ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതിയുടെ വിധി എന്തായാലും അംഗീകരിക്കാമെന്ന നിലപാടാണ് ബോര്‍ഡിന്റേത്.