നീതി ലഭിച്ചില്ലെങ്കില്‍ വാളെടുക്കും; യോഗിയുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം കൊല്ലപ്പെട്ട ഹിന്ദു മഹാസഭാ നേതാവിന്റെ അമ്മ

single-img
20 October 2019

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി തങ്ങൾ നടത്തിയ ചര്‍ച്ചയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ അമ്മ. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച്ചക്കായി തങ്ങളുടെ കുടുംബത്തെ നിര്‍ബന്ധിച്ചതാണെന്നും കേസില്‍ നീതി ലഭിച്ചില്ലെങ്കില്‍ വാള്‍ എടുക്കുമെന്നും കുസുമം പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ കൊല്ലപ്പെട്ട കമലേഷ് തിവാരിയുടെ ഭാര്യയും അമ്മയും മകനും അടങ്ങുന്ന കുടുംബവുമായി അരമണിക്കൂര്‍ നീണ്ട കൂടികാഴ്ച്ചായായിരുന്നു. തന്റെ ഭർത്താവിന്റെ കൊലപാതകത്തില്‍ ലക്നൗവിലെ ഒരു ബിജെപി നേതാവിനും പങ്കുണ്ടെന്ന ആരോപണവുമായി ഇവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

കേസിൽ യുപിയിലെ ബിജ്‌നോര്‍ സ്വദേശിയായ മൗലാന അന്‍വറുള്‍ ഹഖ് അറസ്റ്റിലായിരുന്നു. നേരത്തെ തന്നെ തിവാരിയുടെ തല വെട്ടുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചയാളാണ് ഹഖ്. കഴിഞ്ഞ ദിവസം ലക്‌നൗവില്‍ വെച്ചായിരുന്നു തിവാരിയെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. മാത്രമല്ല, 2016-ല്‍ ബിജ്‌നോറില്‍ നിന്നുള്ള രണ്ടു മൗലാനമാര്‍ തന്റെ ഭര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി ഭാര്യ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

പരാതിയിലെ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കൊലപാതകവുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഏഴു പേര്‍ക്കു ബന്ധമുണ്ടെന്നും അവരെ അറസ്റ്റ് ചെയ്തതായും ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. അക്രമികൾ ഉപയോഗിച്ച ആയുധങ്ങള്‍ കൊണ്ടുവന്ന മിഠായിപ്പെട്ടി വാങ്ങിയ കടയുടെ പരിസരത്തുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതോടെയാണ് ഏഴുപേരെയും അറസ്റ്റ് ചെയ്തത്.